Tuesday, 29 June 2021

13.അമേരിക്കന്‍ ചരിത്ര സഞ്ചാരം കഴിഞ്ഞ് മടക്കയാത്ര

അങ്ങനെ അഞ്ചു ദിവസത്തെ യാത്ര, അമേരിക്കന്‍ വിപ്ലവചരിത്രത്തിലെ നാഴികക്കല്ലുകളായ ബൊസ്റ്റണില്‍ തുടങ്ങി , ആധുനിക അമേരിക്കയുടെ വ്യാപാരമുഖമായ ന്യൂയോര്‍ക്കില്‍ കൂടി ബാള്‍ട്ടിമൊറ്, പെന്സില്വാനിയ, വാഷിങ്ടണ്‍ ഡി.സി. തിരിച്ചു പോരുന്ന വഴി ഷെനന്ഡോ ഗുഹ ഇവ സന്ദര്‍ശിച്ച് തിരിച്ചു പുറപ്പെട്ടു. ഞാന്‍ മുമ്പ് സൂചിപ്പിച്ച പോലെ , ഡല്‍ഹിയിലെ പണിക്കേര്‍സ് ട്രാവല്‍സ് പൊലെയുള്ള ഒരു ടൂര്‍ കമ്പനിയായിരുന്നു ഞങ്ങളെ കൊണ്ടുപോയത്. കൂടെ ഉള്ള യാത്രക്കാര്‍ മിക്കവരും ചൈനാ വന്‍കരയില്‍ നിന്നുള്ളവര്‍ ആയിരുന്നു. അതുകൊണ്ട് ഞങ്ങളുടെ ബസ്സ് നിര്‍ത്തുന്നത് ഏതെങ്കിലും ചൈനീസ് റെസ്റ്റോറന്‍റിന്‍റെ അടുത്തായിരിക്കും.. അതു മിക്കവാറും പ്രധാനപ്പെട്ട നഗരങ്ങളില്‍ ഉള്ള ‘ചൈനാ ടൌണ്‍’ എന്ന മേഖലയില്‍ ആയിരിക്കും. അതിനടുത്തൊന്നും നമ്മുടെ ഇന്ത്യന്‍ റെസ്റ്റോറന്‍റ് ഒന്നും കാണുകയില്ല. വല്ലപ്പോഴും ഒരിക്കല്‍ ചൈനീസ് ഭക്ഷണം കഴിക്കുന്നത് ഒരു രസം ആയി തോന്നാം. ചൈനാക്കാര്‍ കാഴ്ചയില്‍ ക്റുശഗാത്രരും ഗാത്രികളും ആണെങ്കിലും അവര്‍ കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവു കണ്ടാല്‍ ഇതൊക്കെ എങ്ങോട്ട് പോകുന്നു എന്നു തോന്നും. അവരുടെ ഭക്ഷണ രീതികള്‍ നമ്മള്‍ ഉപയോഗിച്ചാല്‍ നമ്മളും അങ്ങനെ ആകുമോ അതോ ‘സുമൊ’ ഗുസ്തിക്കാരെ പോലെ ആകുമോ എന്നു ഭയം ഉണ്ടായിരുന്നതു കൊണ്ട് ഞങ്ങള്‍ പരീക്ഷണത്തിനു മുതിര്‍ന്നില്ല. അഞ്ചു ദിവസം തുടര്‍ച്ചയായി അവരുടെ നൂഡില്‍സും മക്റോണിയും പ്രത്യേക തരം സോസുകളും മറ്റും കഴിക്കുക ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല. മകള്‍ പൊതിഞ്ഞു തന്ന ഫ്രൈഡ് റൈസും ലെമണ്‍ റൈസും കൊണ്ട് രണ്ട് ദിവസം വിശപ്പു മാറ്റി. പിന്നീട് ഒന്നൊ രണ്ടോ പ്രാവശ്യം നൂഡില്‍സും സോസും കഴിച്ചു നോക്കി. ശ്റീമതിയുടെ ഭാഷയില്‍ ‘ഇങ്ങോട്ട് കടിക്കാത്ത എന്തിനെയും തിന്നുന്ന’ ഞാന്‍ അങ്ങനെ ഒരു വിധം വിശപ്പുമാറ്റി എങ്കിലും ശ്റീമതിക്ക് തീരെ പിടിച്ചില്ല എന്നു വ്യക്തമായി. ബാക്കി സമയം ബിസ്കറ്റും മകള്‍ തന്നയച്ച എനര്‍ജി കുക്കീസുമായി കഴിച്ചു. അവസാനത്തെ ദിവസം മടക്ക യാത്രയില്‍ ബസ്സ് നിര്‍ത്തിയ ചൈനീസ് റെസ്ടോരന്‍റിന്‍റെ അടുത്ത് ഒരു ഇന്ത്യന്‍ സ്റ്റോര്‍ കണ്ടു. ഗുജറാത്തികള്‍ നടത്തുന്ന ഒരു ഗ്രോസറി സ്റ്റോര്‍. ആകാംക്ഷയൊടെ അവിടെ ചെന്നു. സാധാരണ സ്റ്റൊറായിരുന്നു എങ്കിലും അവിടെ നമ്മുടെ ചപ്പാത്തിയും വെജിറ്റബിള്‍ കറിയും പാക്കറ്റില്‍ ലഭ്യമായിരുന്നു. പക്ഷേ ഫ്രീസറില്‍ വെച്ച മഞ്ഞുകട്ട പോലെ തണുത്ത സാധനം . ഞങ്ങളുടെ ഗതികേട് കണ്ട് കടക്കാര്‍ ഞങ്ങളുടെ ഒരു നേരത്തെ ഭക്ഷണം മൈക്രോവേവ് അവനില്‍ വെച്ചു ചൂടാക്കി തന്നു. അവിടെ ഇരുന്നോ നിന്നോ കഴിക്കാന്‍ സൌകര്യം ഇല്ലാതിരുന്നതു കൊണ്ട് ബസ്സില്‍ കൊണ്ടു വന്നു കഴിച്ച് വിശപ്പു മാറ്റി. അതുകൊണ്ട് കുട്ടികളുടെ അടുത്ത് എത്തിയപ്പോള്‍ ആനയെ തിന്നാനുള്ള വിശപ്പുമായി എത്തേണ്ടി വന്നില്ല. നല്ല വാഹനവും റോഡും ആയതു കൊണ്ട് മടക്ക യാത്രയിലും വലിയ ക്ഷീണം ഉണ്ടായില്ല. കുട്ടികള്‍ താമസിക്കുന്ന സ്ഥലത്തു നിന്നു അധികം ദൂരെയല്ലാത്ത സ്ഥലത്ത് അവര്‍ ഇറക്കി. മകന്‍ വന്നു ഞങ്ങളെ രാത്രി 1130 നു വീട്ടിലേക്കു കൊട്ടിക്കൊണ്ടു പോകുകയും ചെയ്തു.

Sunday, 27 June 2021

12.ഷനന്ഡോ ഗുഹകള്‍ വിര്‍ജീനിയാ

വിര്‍ജീനിയാ സംസ്ഥാനത്തില്‍ പൊതുജനങ്ങള്‍ക്ക് കാണാനുള്ള സൌകര്യം ഒരുക്കിയിട്ടുള്ള ഒരു ഗുഹയാണ് ഷനന്‍ഡോ ഗുഹകള്‍. ഈ ഗുഹയ്ക്കകത്ത് ഏതാണ്ട് ഒരു മൈല്‍ നീണ്ട ഒരു ഇടനാഴിയില്‍ കൂടി ഗുഹക്കകത്തു നടന്നു കാഴ്ചകള്‍ കാണാം . ഈ ഭൂവിഭാഗത്തില്‍ ഭൂമിക്കടിയില്‍ ഉള്ള പ്രത്യേകതരം ചുണ്ണാമ്പുകല്ലുകള്‍ ചില പ്രത്യേക രൂപത്തിലും ആക്റുതിയിലും കാണപ്പെടുന്നു. ഇവയെ വജ്രങ്ങളുടെ ശ്രുഖല (Diamond Cascade) ദൈവങ്ങളുടെഗഹ്വരം (Grotto of the Gods), മഴവില്ലുകളുടെ തടാകം (Rainbow Lake) , ഏഷ്യന്‍ ചായത്തോട്ടം (Oriental Tea Garden) കാപിറ്റോള്‍ ഡോം എന്നിങ്ങനെ പേരു കൊടുത്തിരിക്കുന്നു . വിവിധനിറങ്ങളില്‍ ഉള്ള വൈദ്യുത വിളക്കുകള്‍ ഇവയുടെ സ്വാഭാവിക ഭംഗിക്ക് ചാരുത കൂട്ടുന്നു. ഇതിനെപറ്റി നാഷണല്‍ ജോഗ്രാഫിക് മാഗസീനില്‍ 1964 ലെ ലക്കത്തില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഈ ഗുഹയിലെ താപനില സുമാര്‍ 12-13 ഡിഗ്രി ആണ്. നമ്മളെപ്പോലെയുള്ളവര്‍ തണുപ്പിനാവശ്യമായ വസ്ത്രങ്ങള്‍ ഉപയോഗിക്കാതെ വയ്യ. 1884 ല്‍ ഈ താഴ്വരയില്‍ കൂടി ദക്ഷിണ റെയില്വേയുടെ നിര്‍മ്മാണം നടക്കുന്ന സമയത്താണ് ഈ ഗുഹ കണ്ടെത്തിയതെന്ന് പറയപ്പെടുന്നു.. ഏതായാലും ഈ സ്ഥലത്തിന്‍റെ ഉടമസ്ഥന്‍ ആയിരുന്ന എബ്രഹാം നെഫ് എന്നയാള്‍ ഈ സ്ഥലത്തില്‍ കൂടി റെയില്വേ ലൈന്‍ വലിക്കാന്‍ അനുവാദം കൊടുത്തു എന്നും റെയില്വേ നിര്‍മ്മാണത്തിനു വേണ്ടി തുരങ്കം കുഴിച്ചു തുടങ്ങി. നേഫിന്‍റെ രണ്ട് മക്കള്‍ അവിടെ കുഴിക്കുന്നയിടത്തില്‍ കളിച്ചു കൊണ്ടിരുന്നപ്പൊള്‍ പാറകള്‍ക്കിടയില്‍ നിന്നു തണുത്ത വായു പുറത്തേക്കു വരുന്നു എന്നു കണ്ടെത്തി. അവര്‍ നീണ്ട കയറും വിളക്കുകളും ആയി ഏതാണ്ട് 275 അടി ഇറങ്ങി ഗുഹയുടെ താഴെ വരെ എത്തി അന്വേഷണം നടത്തി ഗുഹയുടെ അതീവ ഭംഗി മനസിലാക്കി മറ്റുള്ളവരുടെ ശ്റദ്ധയില്‍ പെടുത്തുകയും ചെയ്തു. റെയില്വേ നിര്‍മ്മാണ കമ്പനിയാണ് ഈ ഗുഹ വ്രുത്തിയാക്കി പ്രദര്‍ശനത്തിനു പറ്റിയ രൂപത്തില്‍ ആക്കിയത് . അവിടത്തുകാരനായ ഒരു വ്യാപാരി ഹണ്ടര്‍ ചാപ്മാന്‍ എന്ന പേരുള്ളയാള്‍ റെയില്വേ കമ്പനിയില്‍ ഷെയര്‍ ഉള്ളയാളായിരുന്നു. അയാള്‍ ഈ ഗുഹകളെ പറ്റി കേട്ടപ്പോള്‍ അദ്ദെഹം സ്ഥലം ഉടമ നെഫിനെ സമീപിച്ച് റെയില്വേ ലൈനിന്‍റെ സമീപം ഈ ഗുഹകള്‍ ഒരു പ്രദര്‍ശനകാഴ്ചയായി വികസിപ്പിക്കാനുള്ള സാദ്ധ്യത മനസ്സിലാക്കി. 1922ല്‍ ചാപ്മാന്‍ ആണ്‍ ഷനന്ദൊ ഗുഹയുടെ അടുത്ത് ഒരു ഹോട്ടലും പ്രദര്‍ശനത്തിനു ഈ ഗുഹയും തുറന്നു കൊടുത്തു. രണ്ടാം ലോക മഹായുദ്ധം വരെ ട്രെയിന്‍ സര്‍വീസ് നിലനിന്നിരുന്നു.
1954 ല്‍ ഈ ഗുഹകളുടെ ഉടമസ്ഥാവകാശം എച് ബി ലോങ് എന്നയാള്‍ക്ക് കൈമാറ്റം ആയി. 1957 ല്‍ ഗുഹയില്‍ ചില റിപ്പെയര്‍ പണി നടക്കുന്ന സമയത്ത് ഒരു തീപിടുത്തം ഉണ്ടായി കുറെയധികം നാശനഷ്ടങ്ങള്‍ ഉണ്ടായി ,പ്രത്യേകിച്ചും മുകളിലത്തെ രണ്ട് നിലയില്‍. 1996 ല്‍ കൂടുതല്‍ പുനരുദ്ധാരണം നടത്തി വിപുലമാക്കി. 1966ല്‍ ഏള്‍ സി ഹാര്‍ഗ്രോവ് എന്നയാള്‍ ഈ ഗുഹയുടെ ഉടമസ്ഥാവകാശം വാങ്ങി. ഹാര്‍ഗ്റോവിന്‍റെ കമ്പനിയാണ് ഈ ഗുഹകളെ ഇപ്പൊഴത്തെ നിലയില്‍ പ്രദര്‍ശന സന്നദ്ധം ആക്കിയത്. ഈ ഭൂവിഭാഗത്തില്‍ കാണുന്ന ചുണ്ണാമ്പു കല്ല് ആണിവിടെ ഉത്തരം ഗുഹകള്‍ ഉണ്ടാകാന്‍ കാരണം. മഴവെള്ളം ചെറിയതൊതില്‍ അമ്ലസ്വഭാവം ഉള്ളതായി തീരുന്നു. ഈ അമ്ല സ്വഭാവം ഉള്ള ജലം പാറയില്‍ ഉള്ള കാല്‍സ്യം കാര്‍ബൊണേറ്റിനെ ദ്രവിപ്പിച്ച് ചെറിയ കുഴികളും പ്രത്യേക ആക്റുതിയും രൂപങ്ങളും ഉണ്ടാക്കുന്നു. ഈ ഭാഗത്ത് മറ്റു ചില ഗുഹകളും നിലനില്‍ക്കുന്നു. ഞങ്ങള്‍ക്ക് ഈ ഗുഹയില്‍ ഏതാണ്ട് രണ്ട് മണിക്കൂര്‍ ചുറ്റിനടന്നു കാണാനായി കിട്ടി. കുറെയധികം ഫോട്ടൊയും എടുക്കാന്‍ കഴിഞ്ഞു. അവയില്‍ ചിലത് ഇതോടോപ്പം കൊടുക്കുന്നു.
അവലംബം https://en.wikipedia.org/wiki/Shenandoah_Caverns

11.വാഷിങ്ടണ്‍ ഡി.സി. അമേരിക്കയുടെ തലസ്ഥാനം

അമേരിക്കന്‍ ഐക്യനാടുകളുടെ തലസ്ഥാനമായ വാഷിങ്ടണ്‍ ഡി.സി. യിലേക്ക് ആയിരുന്നു ഞങ്ങളുടെ അടുത്ത യാത്ര. വാഷിങ്ടണ്‍ ഡിസ്റ്റ്രിക്റ്റ് ഒഫ് കൊളംബിയ എന്നാണ് പൂര്‍ണമായ പേര്. അമേരിക്കന്‍ ഭൂഖണ്ഡം കണ്ടുപിടിച്ച കൊളംബസിന്‍റെ ഓര്‍മ്മക്കായാണ് ഈ പേര് കൂട്ടിച്ചേര്‍ത്തത്. ഈ നഗരം അമേരിക്കന്‍ ഐക്യനാടുകളുടെ തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടത്അമേരിക്കന്‍ കോണ്ഗ്രെസ്സില്‍ ഏതാണ്ട് ഏഴു വര്‍ഷം നീണ്ടുനിന്ന ചര്‍ച്ചയുടെ അവസാനം ചില വിട്ടുവീഴ്ചകളുടെയും ഫലമായിരുന്നു. 1790 ജുലായ് 17 നാണ്അമേരിക്കന്‍ കോണ്ഗ്രെസ്സ് റെസിഡന്സ് ആക്റ്റ് എന്ന നിയമം പാസാക്കി ഈ നഗരം തിരഞ്ഞെടുത്തത്. അമേരിക്കയുടെ ആദ്യത്തെ പ്രസിഡണ്ടായിരുന്ന ജോര്‍ജ് വാഷിങ്ടന്‍ (1789 – 97) ആയിരുന്നു ഈ നഗരം തിരഞ്ഞെടുത്തത്. പോടോമാക് നദിയില്‍ കൂടി കപ്പലുകള്‍ക്ക് കയറിവരാനുള്ള സൌകര്യമുള്ള സ്ഥലം എന്നതും പഴയ കോളണിയിലെ രണ്ട് പ്രധാന നഗരങ്ങള്‍ ആയിരുന്നു ജോര്‍ജ് ടൌണും അലെക്സാണ്ട്രിയയും അടുത്തായിരുന്നു കാരണമായി പറയപ്പെടുന്നു. അമേരിക്കയുടെ ഉള്‍ഭാഗത്തേക്കുള്ള ഒരു വാതില്‍ ആയി അദ്ദേഹം ഈ നഗരത്തെ കണ്ടു. തെക്കും വടക്കുമുള്ള സംസ്ഥാനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായും ഈ നഗരം സ്വീകാര്യമായി.
പുതിയതായി ഉണ്ടാക്കിയ ഈ മേഖലക്ക് ക്രിസ്റ്റഫര്‍ കൊളംബസ്സിന്‍റെ ബഹുമാനാര്‍ത്ഥം കൊളംബിയാ ഡിസ്ട്രിക്റ്റ് എന്നു പേരും കൊടുത്തു., പുതിയ നഗരത്തിനു ആദ്യത്തെ പ്രസിഡണ്ടായ ജോര്‍ജ് വാഷിങ്ടന്‍റെ പേരും ക് കൊടുത്തു. 1790 ല്‍ ഫ്രാന്സില്‍ ജനിച്ച അമേരിക്കന്‍ എഞ്ചിനീയര്‍ പിയറ് ചാള്‍സ് എന്ഫാന്‍റ് എന്നയാളെ നഗരത്തിന്‍റെ രൂപ കല്‍പ്പന ഉണ്ടാക്കുവാനും ഏല്‍പ്പിച്ചു. അതേ സമയം സര്വേയറ് ആയിരുന്ന ആന്ഡ്രൂ എല്ലിക്കോട്ട് എന്നയാള്‍ ബെഞ്ചമിന്‍ ബെന്നക്കര്‍ എന്ന ആഫ്രിക്കന്‍ വംശജന്‍റെ സഹായത്തോടെ നഗരത്തിനു വെണ്ടി 260 ച. കി.മീ സ്ഥലം അളന്നു തിരിക്കുകയും ചെയ്തു. അടുത്തുള്ള സംസ്ഥാനങ്ങളായ മേരിലാന്ഡും ആഫ്രിക്കന്‍ വംശജരായ അടിമകള്‍ ധാരാളം ഉണ്ടായിരുന്ന വിര്‍ജീനിയായും അവരുടെ അധീനതയില്‍ ഉണ്ടായിരുന്ന സ്ഥലം വിട്ടുകൊടുക്കുകയും ചെയ്തു.ഇക്കാരണത്താല്‍ തന്നെ വാഷിങ്ടണ്‍ നഗരത്തില്‍ കറുത്ത വര്‍ഗക്കാര്‍ കൂടുതലായി. 1800 ല്‍ ഫിലാഡെല്‍ഫിയായില്‍ നിന്നു അമേരിക്കന്‍ കോണ്ഗ്രെസ്സിന്‍റെ ആസ്ഥാനം വാഷിങ്ടണിലേക്കു മാറ്റിയപ്പോള്‍ കാപിറ്റോള്‍ കെട്ടിടവും പ്രസിഡണ്ടിന്‍റെ കൊട്ടാരവും (വൈറ്റ് ഹൌസ് ) മിക്കവാറും പണി തീര്‍ന്നിരുന്നു. എന്നാലും നഗരത്തില്‍ അന്നു അത്ര സൌകര്യങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. 1812 ല്‍ അമേരിക്കക്കെതിരെ ബ്രിട്ടണ്‍ യുദ്ധം പ്രഖ്യാപിക്കുകയും തലസ്ഥാന നഗരം ആക്രമിച്ച് കുറെ കെട്ടിടങ്ങള്‍ക്ക് തീവെക്കുകയും ചെയ്തു. കാര്യമായുണ്ടായ നാശനഷ്ടങ്ങളില്‍ നാട്ടുകാര്‍ ദു:ഖിതരായിരുന്നു . എങ്കിലും 1817ല്‍ പുതിയതായി പണി തീര്‍ത്ത വൈറ്റ് ഹൌസിലേക്ക് പ്രസിഡണ്ട് ജെയിംസ് മണ്റോ (1817-25) താമസം തുടങ്ങുകയും പുതുതായി പണി തീര്‍ത്ത കാപിറ്റോള്‍ കേട്ടിടത്തില്‍ 1819ല്‍ അമേരിക്കന്‍ കോണ്ഗ്രസ്സിന്‍റെ സമേളനം നടക്കുകയും ചെയ്തു. തുടര്‍ന്ന് പ്രധാനപ്പെട്ട മാറ്റങ്ങള്‍ വിവിധ കലഘ്ട്ടങ്ങളില്‍ ആയി നിലവില്‍ വന്നു. 1830 ല്‍ അവിടേക്കുള്ള റെയില്വേ ലയിന്‍ സ്ഥാപിച്ചു. ട്രെഷറി ഡിപ്പാര്‍ട്ട്മെന്‍റ്, പൊസ്റ്റ് ഓഫീസ് , പേറ്റന്‍റ് ഓഫീസ് എന്നിവ 1829-37 കാലഘട്ടത്തില്‍ ഉയര്‍ന്നു .അമേരിക്കന്‍ ആഭ്യന്തര കലഹ കാലത്ത് കൂടുതല്‍ കലാപം ഉണ്ടായ വിര്‍ജീനിയാ , റിച്മൊണ്ട് എന്നീ സംസ്ഥാനങ്ങല്‍ക്ക് അടുത്തായിരുന്നു എങ്കിലും ഈ നഗരം കാര്യമായി ബന്ധപ്പെട്ടിരുന്നില്ല. എന്നാല്‍ എബ്രഹാം ലിങ്കന്‍റെ കൊലപാതകത്തിനു ശേഷം വാഷ്ങ്ടണ്‍ നഗരം അസാധാരണമായ സംഘര്‍ഷത്തിലേക്കു നീങ്ങി. ആഭ്യന്തര യുദ്ധത്തിനു ശെഷം മെല്ലെ മെല്ലെ വാഷിങ്ടണ്‍ നഗരം വളര്‍ന്നു വികസിച്ചു. 1871 ല്‍ വാഷിങ്ടണ്‍ നഗരത്തിനു സ്വയം ഭരണവും കിട്ടി. തുടര്‍ന്ന് 1884 ല്‍ വാഷിങ്ടണ്‍ മെമ്മോറിയലും 1897 ല്‍ ലൈബ്രറി കോണ്ഗ്രെസ്സ് കെട്ടിടവും പൂര്‍ത്തിയാക്കി. 1900 കഴിഞ്ഞുള്ള കാലത്താണ് പ്രെസി.വുഡ്റോ വില്‍സണ്ന്‍റെ കാലത്താണ് ലിങ്കണ്‍ മെമ്മോരിയല്‍ , ആര്‍ട്ട് ഗാലറി , ഫൈന്‍ ആര്‍ട്ട്സ് കമ്മീഷന്‍ എന്നിവ ഉണ്ടാക്കിയത്.1941 ല്‍ പുതിയ വിമാനത്താവളം ഉണ്ടാക്കി. രണ്ട് വര്‍ഷം കഴിഞ്ഞ് അമേരിക്കന്‍ പ്രതിരോധ കെന്ദ്രമായ പെന്‍റഗണും നിര്‍മ്മിച്ചത്. തുടര്‍ന്ന് ഈ നഗരത്തിന്‍റെ വികസനം മുരടിച്ചു നിന്നു. പിന്നീട് ജൊണ്‍ എഫ് കെന്നഡിയുടെ( 1961-63) കാലത്താണ് കാര്യമായ വികസന പ്രവര്‍ത്തനം നടന്നത്. കെന്നഡിയുടെ പത്നി ജാക്വെലിന്‍ കെന്നഡി ചരിത്ര പ്രാധാന്യമുള്ള കെട്ടിടങ്ങള്‍ സൂക്ഷിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കാണിച്ചു. വാഷിങ്ടണ്‍ ഡി സി യിലെ പ്രധാന കാഴ്ച്ചകള്‍ 1, കാപിറ്റോള്‍ കെട്ടിടം അമേരിക്കന്‍ കോണ്ഗ്രെസ്സ് സമ്മെളനം കൂടുന്നത് ഈ കെട്ടിടത്തിലാണ്. അമേരിക്കന്‍ ഫെഡെറല്‍ സര്‍ക്കാറിന്‍റെ നിയമനിര്‍മ്മാണ സഭയാണിത്. വാഷിങ്ടണ്‍ പ്രധാന തെരുവിന്‍റെ കിഴക്കേ അറ്റത്താണ് ഈ കെട്ടിടം. 1800 ല്‍ പൂര്‍ത്തിയാക്കിയ ഈ കെട്ടിടം 1814 ല്‍ ഭാഗികമായി നശിപ്പിക്കപ്പെട്ടു. നിയോ ക്ലാസ്സിക്കല്‍ രീതിയില്‍ നിര്‍മ്മിച്ച ഈ കെട്ടിടത്തിന്‍റെ പുറം ഭാഗം വെള്ള നിറത്തില്‍ ആണ്.
2. ലിങ്കണ്‍ മെമ്മൊറിയല്‍ അമേരിക്കയില്‍വ് 15 ആമത്തെ പ്രസിഡണ്ടായിരുന്ന എബ്രഹാം ലിങ്കന്‍റെ സ്മരണക്കായി ഉണ്ടാക്കിയതാണ് ഈ കെട്ടിടം . പ്രധാന തെരുവിന്‍റെ പടിഞ്ഞാറെ അറ്റത്താണിത് സ്ഥിതി ചെയ്യുന്നത്. 1922ല്‍ ആണ്‍ ഇതു നിര്‍മ്മാണം പൂര്‍ത്തിയായത്. അമേരിക്കയിലെ അടിമത്വം അവസാനിപ്പിച്ച പ്രസിഡണ്ടായിരുന്നല്ലൊ എബ്രഹാം ലിങ്കണ്‍ ‘. ഇവിടെ സ്ഥാപിച്ചിട്ടുള്ള ലിങ്കണ്ന്‍റെ പ്രതിമ നിര്‍മ്മിച്ചത് ഡാനിയല്‍ ചെസ്റ്റര്‍ ഫ്രെഞ്ച് എന്ന ശില്‍പ്പി ആയിരുന്നു. രൂപകല്‍പന ചെയ്ത ശില്‍പ്പി ഹെന്റി ബേക്കണും . ഇവിടെ വെച്ച് പ്രസിദ്ധമായ പല പ്രസംഗങ്ങളും നടന്നിട്ടുണ്ട്. മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിന്‍റെ “എനിക്ക് ഒരു സ്വപ്നം ഉണ്ട് “ എന്നു തുടങ്ങുന്ന പ്രസംഗം ഈ കെട്ടിടത്തിനു മുമ്പില്‍ വെച്ചായിരുന്നു. 24 മണിക്കൂറും സന്ദര്‍ശകരെ അനുവദിക്കുന്ന ഇവിടെ ശരാശരി 70 ലക്ഷം ആള്‍ക്കാര്‍ ഒരു വര്‍ഷം സന്ദര്‍ശിക്കുന്നു.
3. സ്മിത് സോണിയന്‍ വ്യോമയാന ബാഹ്യാകാശ മ്യൂസിയം ലോകത്തിലേ ഏറ്റവും വലുതും പ്രധാനപ്പെട്ടതും ആയ വ്യോമയാന ബാഹ്യാകാശ പ്രദര്‍ശന വസ്തുക്കള്‍ ഉള്ള മ്യൂസിയം ആണ്. വ്യോമയാന ചരിത്രത്തിലെ നാഴികക്കല്ലുകളും, ബാഹ്യാകാശപര്യവേക്ഷണത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളും ബാഹ്യാകാശ വാഹനങ്ങളും എല്ലാം ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഓര്‍വില്‍ വില്‍ബര്‍ സഹോദരന്മാര്‍ നിര്‍മ്മിച്ച വിമാനവും അപ്പൊളൊ ബാഹ്യാകാശ നൌകയും എല്ലാം എന്തിനു നക്ഷത്ര ധൂളി ( star dust )ശേഖരിക്കുന്ന ഉപകരണം വരെ അവിടെ പ്രദര്‍ശിപ്പിക്കുന്ന. ശാസ്ത്രകുതുകികള്‍ക്ക് അത്യപൂര്‍വം അയ ഒരനുഭവം ആയിരിക്കും ഈ മ്യുസിയം കാണുക എന്നത്. ഒരു വര്‍ഷം ഏതാണ്ട് 80 ലക്ഷം ആള്‍ക്കാര്‍ ഇതു സന്ദര്‍ശിക്കുന്നു.
4. അമേരിക്കന്‍ ഹോളോകാസ്റ്റ് മെമ്മോറിയല്‍ മ്യൂസിയം ലോകത്തിലെ എല്ലാ പൌരന്‍മാരെയും രാഷ്ട്രനേതാക്കളെയും രാഷ്ട്രങ്ങള്‍ തമ്മിലുള്ള പകയും വൈരാഗ്യവും സ്പര്‍ദ്ധയും ഒഴിവാക്കാനും കൂട്ടക്കൊല തടയാനും പ്രചോദനം നല്‍കുന്ന ഒരു മ്യൂസിയം ആണിത്. സന്ദര്‍ശകരെ ഇത്തരം കാര്യങ്ങളില്‍ ബോധവല്‍ക്കരിക്കാന്‍ പതിവായ പരിപാടികള്‍ ഇവിടെ നടത്തുന്നു. 5.നാഷണല്‍ ആര്‍ട്ട് ഗ്യാലറി അമേരിക്കന്‍ നാഷണല്‍ ആര്‍ട്ട് ഗ്യാലറിയില്‍ സാംസ്കാരിക കലാ വിദ്യാഭ്യാസ പ്രദര്‍ശനം ആണൊരുക്കിയിരിക്കുന്നത്. 1,50,00 ലധികം പെയിന്യിങ്ങുകളും ഫൊട്ടോഗ്രാഫുകളും ശില്‍പ്പങ്ങളും മറ്റും ഇവിടെ ഒരുക്കിയിരിക്കുന്നു. വര്‍ഷത്തില്‍ 363 ദിവസവും ഇത് സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുക്കുന്നു. 6. കൊറിയന്‍ യുദ്ധത്തില്‍ വീര ചരമം പ്രാപിച്ചവരുടെ സ്മരണ കൊറിയന്‍ യുദ്ധത്തില്‍ മരണമടഞ്ഞ 59 ലക്ഷം അമേരിക്കന്‍ ഭടന്‍മാരുടെ സ്മരണക്കു നിര്‍മ്മിച്ച സ്മാരകം ആണിത്. ലിങ്കണ്‍ മെമ്മൊറിയലിനു അടുത്തു തന്നെയാണിത് സ്ഥാപിച്ചിരിക്കുന്നത് . 1995 ജുലൈ 27 നാണ് ഇതു രാഷ്ട്രത്തിനു സമര്‍പ്പിച്ചത് .
7. വാഷിങ്ടണ്‍ മെമ്മോറിയല്‍ വാഷിങ്ടണ്‍ ഡി.സി.യിലെ പ്രധാന തെരുവില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഒരുസ്തൂപം ആണിത്. ആദ്യത്തെ പ്രസിഡണ്ട് ജോര്‍ജ് വാഷിങ്ടണിന്‍റെ ഓര്‍മ്മക്കായി നിര്‍മ്മിച്ചതാണ്. കല്ലില്‍ നിര്‍മ്മിച്ച ലോകത്തിലേ ഏറ്റവും ഉയരം കൂടിയ സ്തൂപങ്ങളില്‍ ഒന്നാണിത്. 555 അടി ഉയരം ഉള്ള ഇത് നിര്‍മ്മിച്ചിട്ടുള്ളത് മാര്‍ബിള്‍ , കരില്ലു, നീലക്കല്ല് എന്നിവയില്‍ ആണ്. ഒരു കാലത്ത് ലോകത്തൊലെ ഏറ്റവും ഉയരം ഉള്ള സ്തൂപം ആയിരുന്നു ഐഫല്‍ ഗോപുരം ഉണ്ടാക്കുന്നതു വരെ.
8. വൈറ്റ് ഹൌസ് പ്രസിഡണ്ടിന്‍റെ ഔദ്യോഗിക വസതി ,സന്ദറ്ശകര്‍ക്ക്മുങ്കൂട്ടി അനുവാദമില്ലാതെ പ്രവേശനം ഇല്ല. മൂന്നു മാസം മുമ്പ് അനുമതിക്കുവെണ്ടി അപേക്ഷിക്കണം . 1791 ല്‍ ആദ്യത്തെ പ്രസിഡണ്ട് ജോര്‍ക് വാഷിങ്ടണ്‍ ആനു ഇതിനുവേണ്ടീയുള്ള സ്ഥലം തിരഞ്ഞെടുത്തത് . ചുണ്ണാമ്പ്കലക്കി തേച്ച വെള്ള നിറം ആനീതിനുള്ളത്, അതുകൊണ്ടാന്‍ വൈറ്റ് ഹൌസ് എന്നു വിളിക്കുന്നത്. ഔദ്യൊഗികമായി പ്രസിഡണ്ടിന്‍റെ വീട്. എക്സിക്യുട്ടീവ് കെട്ടിടം എന്നൊക്കെ പറയപ്പെടുന്നു.
അവലംബം https://en.wikipedia.org/wiki/Washington,_D.C.

10.പെന്സില്വാനിയാ സസ്ഥാനവും ഫിലാഡല്‍ഫിയായും

ഞങ്ങളുടെ അടുത്ത യാത്ര പെന്സില്വാനിയാ സംസ്ഥാനത്തില്‍ കൂടി ആധുനിക അമേരിക്കയുടെ ആദ്യത്തെ തലസ്ഥാനമായിരുന്ന ഫിലാഡെല്‍ഫിയായിലേക്കായിരുന്നു. പെന്സില്വാനിയാ ആദ്യകാലത്ത് സ്ഥാപിച്ച 13 കോളണികളില്‍ ഒന്നായിരുന്നു. വില്യം പെന്‍ എന്നയാള്‍ തന്‍റെ കൂട്ടുകാരായ ക്വേക്കേര്‍സ് എന്ന സംഘക്കാര്‍ക്കു വേണ്ടി ആയിരുന്നു ഈ കോളണി ഉണ്ടാക്കിയത്. ക്വേക്കേറ്സ് എന്നത് 1650 ല്‍ ബ്രിട്ടണില്‍ ഉണ്ടാക്കിയ സുഹ്റുത്തുക്കളുടെ സംഘം എന്ന പേരില്‍ അറിയപ്പെട്ട ക്റുസ്തുമതവിശ്വാസികളായ ആള്‍ക്കാരുടെ ഒരു സംഘം ആയിരുന്നു. പെന്സില്വാനിയായുടെ തലസ്ഥാനം ഫിലാഡെല്‍ഫിയ എന്ന നഗരം ആകുന്നു. 1774 ലും 17775 ലും ഇവിടെ കൂടിയ കോണ്ടിനെന്‍റല്‍ കൊണ്ഗ്ഗ്രെസ്സ് സമ്മെളനത്തിന്‍റെ അവസാനമാണ് സ്വാതന്ത്ര്യത്തിന്‍റെ പ്രഖ്യാപനം നടന്നത്. ഇതാണ് അമേരിക്കന്‍ വിപ്ലവത്തിന്‍റെ ഔപചാരികമായ തുടക്കം. വിപ്ലവത്തിനു ശേഷം ഡെലവെയര്‍ കഴിഞ്ഞ് അമേരിക്കന്‍ ഭരണ ഘടന അംഗീകരിച്ച രണ്ടാമത്തെ സംസ്ഥാനം ആയി . അമേരിക്കന്‍ വിപ്ലവത്തില്‍ ജെറ്റിസ്സ്ബെര്‍ഗ് യുദ്ധത്തില്‍ ജോര്‍ജ് മീഡ് എന്ന ജനറല്‍ എതിര്‍ചേരിക്കാര്‍ ഉത്തരഭാഗ ആക്രമണത്തിനു നേത്രുത്വം കൊടുത്ത റോബെര്‍ട്ട് ഈ ലീഎന്ന ജനറലിനെ തോല്‍പ്പിക്കുകയുണ്ടായി. തുടര്‍ന്നായിരുന്നു എബ്രഹാം ലിങ്കണിന്‍റെ പ്രസിദ്ധമായ ജെറ്റിസ് ബെര്‍ഗ് പ്രസംഗം . അമേരിക്കയുടെ വിപ്ലവത്തിന്‍റെ ചരിത്ര ശേഷിപ്പുകള്‍ സൂക്ഷിച്ചു വെച്ച മ്യൂസിയം കാണാന്‍ സഞ്ചാരികള്‍ ഇവിടെ വരുന്നു. പ്രധാനമായും സ്വാതന്ത്ര്യ് ഹാളും ലിബര്‍ട്ടി മണിയുമാണ് ഇവിടത്തെ പ്രധാന കാഴ്ചകള്‍ .ബെഞമിന്‍ ഫ്റാങ്ക്ളിന്‍ എന്ന പ്രസിദ്ധ ശാസ്ത്രജ്ഞനും റോബര്‍ട്ട് ഫുല്‍ടണ്‍ എന്ന കണ്ടുപിടുത്തക്കാരനും ബില്‍ കൊസ്ബി എന്ന കോമഡി നടനും മറ്റും പെന്സില്വാനിയായില്‍ ജനിച്ചവരാണ്. 1787 ഡിസംബര്‍ 12 നാണു ഈ സംസ്ഥാനം രൂപീകരിച്ചത്. 2010 ലെ ജനസംഖ്യ 12,702,379.വിസ്തീര്‍ണ്ണം 46,055 ച.മൈല്‍. കീസ്റ്റോണ്‍ സംസ്ഥാനം എന്നും ഇതിനു പേരുണ്ട്.
ചില രസകരമായ വിവരങ്ങള്‍ 1. ഗവര്‍ണര്‍ വില്യം പെന്‍ ആണ് ഈ നഗരത്തിനു ഫിലാഡെല്‍ഫിയാ എന്നു പേരു കൊടുത്തത്. ഗ്രീക്ക് വാക്കുകളായ ഫിലിയൊ(സ്നേഹം)യും അഡെല്‍ഫോസ്(സഹോദരന്‍) കൂട്ടി ചേര്‍ത്താണ് ഈ പേരുണ്ടാക്കിയത്. സഹോദരസ്നേഹത്തിന്‍റെ നഗരം എന്ന അര്‍ത്ഥം ഉള്ള പേരു. 2. രാഷ്ട്രതന്ത്രജ്ഞന്‍, ശാസ്ത്രകാരന്‍ , എഴുത്തുകാരന്‍ , കണ്ടുപിടുത്തക്കാരന്‍ എന്നീ നിലയില്‍ പ്രസിദ്ധനായ ബെഞ്ചമിന്‍ ഫ്റാങ്ക്ലിന്‍ ജനിച്ചത് ബോസ്റ്റണില്‍ ആയിരുന്നു എങ്കിലും 17 ആം വയസ്സില്‍ അദ്ദേഹം ഇവിടെ എത്തിചേര്‍ന്നു. ഈ നഗരത്തിന്‍റെ വളര്‍ച്ചയില്‍ പല കാര്യങ്ങളും ഇദ്ദേഹത്തിന്‍റെ സംഭാവനയായുണ്ട്. ബെഞ്ചമിന്‍ ഫ്റാങ്ക്ലീന്‍ ആണ് 1731 ല്‍ ഫിലാഡെല്‍ഫിയായിലെ ലൈബ്രറി കമ്പനിയും 1736 ല്‍ യൂണിയന്‍ ഫയര്‍ കമ്പനിയും സ്ഥാപിച്ചത്.
3. ബ്രിട്ടീഷ് പട്ടാളക്കാര്‍ ലിബര്‍ട്ടി മണി ആക്രമിച്ചു കൊണ്ടു പൊകുമെന്നു ഭയന്ന് 200 പട്ടാളക്കാര്‍ സ്വാതന്ത്ര്യത്തിന്‍റെ ചിഹ്നമായ ഈ മണി 1777 സെപ്റ്റംബര്‍ 18ന് ഫിലാഡെല്‍ഫിയ സംസ്ഥാനഹാളില്‍ നിന്നു അലെന്‍ ടൌണില്‍ ഉള്ള സിയൊണ്‍ പള്ളിയിലേക്ക് മാറ്റുകയുണ്ടായി . 1778 വരെ സ്വാതന്ത്ര്യ മണി അവിടെതന്നെ ആയിരുന്നു ഇരുന്നത് 4. 1790 മുതല്‍ 1800 ല്‍ സ്ഥിരമായ തലസ്ഥാനമായ വാഷിങ്ടണ്‍ ഡി.സി. 1800 ല്‍ ഉണ്ടാക്കുന്നതുവരെ ഈ നഗരം ആയിരുന്നു അമേരിക്കയുടെ തലസ്ഥാനം. സ്വാതന്ത്ര്യ പ്രഖ്യാപനം നടന്നതും അമേരിക്കന്‍ ഭരണഘടന രൂപീകരിച്ചതും ഇവിടെ തന്നെ ആയിരുന്നു. 5. 1952 ജുലായില്‍ ജോനാസ് സാല്‍ക് ആദ്യമായി പോളിയോ വാക്സിന്‍ വികസിപ്പിച്ചെടുത്തത് ഇവിടെ വെച്ചായിരുന്നു. പിറ്റ്സ്ബെര്‍ഗ് സര്‍വകലാശാലയില്‍ . അദ്ദെഹം ആ വാക്സിന്‍ തന്‍റെ ശരീരത്തില്‍ തന്നെ ആണ്ആദ്യം പ്രയോഗിച്ചു നോക്കിയത് . തുടര്‍ന്നു രാഷ്ട്രത്തില്‍ എല്ലായിടത്തും ഈ വാക്സിന്‍ ലഭ്യമാക്കി, തല്‍ഫലമായി 1955 ല്‍ 58,000 പോളിയോ ബാധിച്ചവരുടെ എണ്ണം ആയിരുന്നത് 1957 ല്‍ 6000 ല്‍ കുറവായി. 6. 1903ല്‍ ബോസ്റ്റന്‍ അമേരിക്കന്സ് എന്ന ടീമും പിറ്റ്സ്ബെര്‍ഗ് ഇറേറ്റ്സ് എന്ന റ്റീമും തമ്മില്‍ ബേസ്ബാളിന്‍റെ ലൊക സീരീസ് പിറ്റ്സ്ബെര്‍ഗ് പാര്‍ക്കില്‍ നടക്കുകയും ചെയ്തു. ബോസ്റ്റണ്‍ 5ല്‍ മൂന്നു കളി ജയിക്കുകയും ചെയ്തു.
7. 1979 മാര്‍ച് 28 ന് അമേരിക്കയിലെ ഏറ്റവും ഭയങ്കരമായ അണുശക്തി അപകടം ഉണ്ടായത് ത്രീ മൈല്‍ ദ്വീപില്‍ ആയിരുന്നു. അവിടത്തെ അണുശക്തി റിയാക്ടറുളുടെ കാമ്പ് ഉരുകി ആയിരക്കണക്കിന് ആള്‍ക്കാരെ റേഡിയേഷനില്‍ നിന്നു രക്ഷപെടുത്താന്‍ മാറ്റിത്താമസിപ്പിക്കേണ്ടീ വന്നു. 8. വില്യം പെന്‍ അദ്ദേഹത്തിന്‍റെ സ്ഥലത്തിനു സില്വാനിയാ എന്നു നാമകരണം ചെയ്യണമെന്ന് അപേക്ഷിച്ചു, ലാറ്റിന്‍ ഭാഷയില്‍ കാട് എന്ന അര്‍ത്ഥം വരുന്ന പേരു. ചാള്‍സ് രണ്ടാമന്‍ ആണ് പെന്സില്വാനിയ എന്ന പേര്‍ കൊടുത്തത്, പെന്നിന്‍റെ അച്ഛന്‍റെ പേരില്‍ . വില്യം പെന്‍ തന്‍റെ തന്നെ പേര്‍ കൊടുത്തോ എന്നു സംശയിക്കുന്നുണ്ടായിരുന്നു എങ്കിലും. 9. സ്വാതന്ത്ര്യമണി അമേരിക്കന്‍ സ്വാതന്ത്ര്യ സമരത്തിന്‍റെ ചിഹ്നമായി ഫിലാഡെല്‍ഫിയായില്‍ സ്ഥാപിച്ചിരിക്കുന്നു. 1887 ജുലായ് 8 നു ഈ മണി സ്വാതന്ത്ര്യ സമരത്തിനു ശേഷം അടിക്കുകയുണ്ടായി. അതില്‍ ഉണ്ടായ പൊട്ടല്‍ ചീഫ് ജസ്റ്റിസ് ജൊണ്‍ മാര്‍ഷല്‍ എന്നയാള്‍ മരിച്ചപ്പൊള്‍ 1835 ല്‍ മണി അടിച്ചപ്പൊള്‍ ഉണ്ടയതാണെന്നു കരുതപ്പെടുന്നു. അവലംബം https://en.wikipedia.org/wiki/Pennsylvania https://en.wikipedia.org/wiki/Philadelphia https://www.history.com/topics/us-states/pennsylvania https://www.history.com/news/8-things-you-may-not-know-about-jonas-salk-and-the-polio-vaccine

9. ബാല്‍ട്ടിമോര്‍ അമേരിക്കന്‍ വിപ്ലവത്തിലെ സുവര്‍ണ ചരിത്രം

അമേരിക്കയിലെ മേരിലാന്‍ഡ് സംസ്ഥാനത്തിലെ ഏറ്റവും വലിയ നഗരം ആണ് ബാല്‍ട്ടിമോര്‍. അതു പ്രധാനപ്പെട്ട ഒരു തുറമുഖ നഗരം കൂടിയാണ്. ഈ നഗരം പ്രശസ്തിയിലേക്ക് ഉയര്‍ന്നത് അമേരിക്കന്‍ വിപ്ലവത്തില്‍ ഈ തുറമുഖ നഗരത്തിലെ ഫോര്‍ട്ട് ഹെന്റി ആക്രമിച്ചു കീഴടക്കാന്‍ ശ്റമിച്ച ബ്രിട്ടീഷ് പട്ടാളത്തെ 25 മണിക്കൂര്‍ തടഞ്ഞു നിര്‍ത്തി അവരെ പിന്തിരിപ്പിച്ചതില്‍ കൂടിയായിരുന്നു. ഈ തുറമുഖ നഗരം പിടിച്ചടക്കി. അവിടത്തെ കപ്പലുകളും ഗോഡൌണിലെ ചരക്കും സ്വന്തം കയ്യിലാക്കി അമേരിക്കന്‍ വിപ്ലവകാരികളെ ഒരു പാഠം പഠിപ്പിക്കാന്‍ ആയിരുന്നു ബ്രിട്ടീഷ് പട്ടാളക്കാരുടെ ശ്രമം. എന്നാല്‍ നഗരഭരണസമിതിക്കാര്‍ ബ്രിട്ടീഷുകാരുടെ ഈ ലക്ഷ്യം കാലേകൂട്ടി മനസ്സിലാക്കി അവര്‍ക്ക് തിരിച്ചടി കൊടുക്കാന്‍ പദ്ധതിയിട്ടു.
ബാള്‍ട്ടിമൊര്‍ യുദ്ധം കരയിലും കടലിലും ആയിരുന്നു. ബ്രിട്ടീഷ് പട്ടാളവും അമേരിക്കയില്‍ താമസം ആയവരും തമ്മില്‍. 1812 ല്‍. അമേരിക്കന്‍വിപ്ലവകാരികള്‍ ബ്രിട്ടീഷ് പട്ടാളക്കാരെ കരയിലും കടലിലും തോല്‍പ്പിച്ച് പുറകോട്ട് പോകാന്‍ നിര്‍ബന്ധിതരാക്കി. ബ്രിട്ടീഷ് കമ്മാന്ഡറെ കൊല്ലുകയും ചെയ്തു. 1812 ലെ ഈ യുദ്ധത്തിലെ വിജയവും തുടര്‍ന്ന് ബ്രിട്ടീഷ് നേവല്‍ ശക്തിയെ ലേക് ചാമ്പ്ലെയിനില്‍ വെച്ചു തോല്‍പ്പിക്കുകയും കൂടി ചെയ്തപ്പോള്‍ അമേരിക്കന്‍ സ്വാതന്ത്ര്യ സമര പോരാളികളെ കീഴടക്കാന്‍ ആവുകയില്ല എന്നു ബ്രിട്ടീഷുകാര്‍ക്ക് മനസ്സിലായി. ഇതൊടെ വിപ്ലവം വിജയിക്കുകയും ചെയ്തു. അടുത്തകാലത്ത് ഈ നഗരം വര്‍ദ്ധിച്ച കുറ്റക്റുത്യങ്ങള്‍ കാരണം കുപ്രശസ്തിയും നേടിയിട്ടുണ്ട്. അമേരിക്കയിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള 50 സംസ്ഥാനങ്ങളില്‍ ഒന്നാണ്. ഇവിടത്തെ തെരുവുകള്‍ കുറ്റവാളികള്‍ സ്വതന്ത്രമായി ചുറ്റിനടക്കുന്നുവത്രെ. ഇവിടെ 400 ലക്ഷം അമേരിക്കന്‍ പൌരന്മാര്‍ ദാരിദ്ര്യ രെഖക്കു താഴെ ജീവിക്കുന്നു എന്നു അടുത്തു കണക്കാക്കപ്പെട്ടിരിക്കുന്നു. ബാല്‍ട്ടിമൊര്‍ നഗരത്തില്‍ ആണ് ദാരിദ്രം ഏറ്റവും കൂടുതല്‍ ,ജനസംഖ്യയുടെ 21.8 % , കാല്വെര്‍ട്ട് കൌണ്ടിയില്‍ 5.1% വും. ഏറ്റവും കൂടുതല്‍ ദാരിദ്ര്യം ബാള്‍ട്ടിമൊറ് നഗരം കൂടാതെ സൊമെര്‍സെറ്റ് അലിഗാനി കൌണ്ടികളിലും ആണ്. ബാല്‍ട്ടിമോറും പ്രാന്തപ്രദേശവും പുരാതന കാലം മുതലേ നാട്ടുകാരായ അമേരിക്കക്കാരുടെ താമസ സ്ഥലം ആയിരുന്നു. 1600 നടുത്തു ഇവിടത്തെ ജനസംഖ്യ താരതമ്യേനെ വളരെ കുറവായിരുന്നു. പോടോമാക് നദിയുടെ തീരത്തുള്ള ഈ നഗരം തുറമുഖസാമീപ്യം കൊണ്ട് യൂറോപ്പില്‍ നിന്നും വന്ന കുടിയേറ്റക്കാര്‍ക്ക് ആകര്‍ഷകമായി തോന്നി. 140 കുടിയേറ്റക്കാരുമായി 1634 മാര്‍ച്ച് 25 ന് പോടോമാക് നദിയിലെ സെന്‍റ് ക്ലേമെന്‍റ് ദ്വീപില്‍ ആര്‍ക്ക് എന്ന കപ്പലില്‍ വന്ന കുടിയേറ്റക്കാരായിരുന്നു ആദ്യം എത്തിയത്. മസൂരി പോലെയുള്ള മഹാ രോഗങ്ങളുമായി പൊരുതിക്കൊണ്ടിരുന്ന നാട്ടുകാരെ എളുപ്പത്തില്‍ കീഴടക്കാന്‍ കുടിയേറ്റക്കാര്‍ക്ക് കഴിഞ്ഞു.1661 ല്‍ ഡേവിഡ് ജോണ്സ് എന്നയാള്‍ ഇപ്പോള്‍ ജോണ്സ് ഫാള്‍ എന്ന അരുവിയുടെ തീരത്തുള്ള ജോണ്സ് ടൌണ്‍ എന്ന നഗരം സ്ഥാപിച്ചു. മേരിലാന്ഡിലെ ജനറല്‍ അസംബ്ലി 1706ല്‍ ആണ് ബാല്‍ട്ടിമോര്‍ തുറമുഖം ഉണ്ടാക്കിയത്. തുടര്‍ന്നു നഗരഭാഗങ്ങള്‍ 1729 മുതല്‍ 1952 വരെയുള്ള കാലഘട്ടത്തില്‍ ഉണ്ടാക്കി. അന്നു അതൊരു കോളനി ആയിരുന്നതു കൊണ്ട് അവിടത്തെ തെരുവുകള്‍ക്ക് ബ്രിട്ടീഷ് രാജാവിന്‍റെയും രാജ്ഞിയുടെയും പേരുകള്‍ കൊടുത്തു.
ലോകപ്രശസ്തമായ ജൊണ്‍ ഹോപ്കിന്സ് ആശുപത്രി ഇവിടെയാണ്. ഇവിടെ ഒരു വലിയ അമേരിക്കന്‍ പഞ്ചസാര ശുദ്ധീകരണ ഫാക്ടറിയും ഉണ്ട്. വ്യാപാരകാര്യങ്ങള്‍ക്കു വേണ്ടി ബാള്‍ട്ടിമോറിലെ ലോകവ്യാപാര കേന്ദ്രം സ്ഥാപിച്ചു. കപ്പല്‍ വഴിയുള്ള കയറ്റുമതിയില്‍ ബാള്‍ട്ടിമോര്‍ അമേരിക്കയില്‍ ഒമ്പതാം സ്ഥാനത്തില്‍ ആണ്. ഇവിടെ 14,360 പേര്‍ക്ക് നേരിട്ട് ജോലി കൊടുക്കുന്നു. തുറമുഖ ജോലിക്ക് 1,08,000 പേരെയും ഏര്‍പ്പെടുത്തുന്നുണ്ട്. കല്‍ക്കരിയാണ് പ്രധാന കയറ്റുമതി ചെയ്യുന്നത്.
ബാള്‍ട്ടിമോര്‍ ടൂറിസ്റ്റുകളുടെ ഒരു കേന്ദ്രവും കൂടിയാണ്. 2014 ലെ കണക്കനുസരിച്ച് 245 ലക്ഷം സഞ്ചാരികള്‍ ഇവിടെ സന്ദര്‍ശിച്ചു. ലൊകത്തിലെ ഏറ്റവും വലിയ ഒരു കന്‍ വെന്ഷന്‍കേന്ദ്രം ഇവിടെയുണ്ട്. ഇവിടെ പ്രദര്‍ശിപ്പിച്ച മൈ ലിട്ടില്‍ പോണി : ഫ്രന്ഡ്ഷിപ് ഇസ് മാജിക് എന്ന പരിപാടി കാണാന്‍ 2017 ല്‍ 6300 ല്‍ അധികം പേരും 2015ല്‍ 10,011 പേരും വന്നു ചേര്‍ന്നു. ഞങ്ങള്‍ ഇവിടെ ഏതാണ്ട് ഒരു മണിക്കൂര്‍ ചുറ്റിക്കറങ്ങി , നഗരത്തിലെ പ്രധാന ഭാഗങ്ങള്‍ കണ്ടു. അടുത്ത പെന്സില്വാനിയാ സംസ്ഥാനത്തിലേക്കു നീങ്ങി .
അവലംബം https://en.wikipedia.org/wiki/Battle_of_Baltimore https://en.wikipedia.org/wiki/Baltimore

20.ജോണ്‍ എഫ് കെന്നഡി സ്മാരകവായനശാലയും മ്യൂസിയവും

ബോസ്റ്റണ്‍ നഗരത്തിലെ ചാള്‍സ് നദിയുടെ തീരത്താണ് അമേരിക്കയുടെ 35ആമത്തെ പ്രസിഡണ്ടായിരുന്ന ജോണ്‍ ഫിറ്റ്ജെറാള്‍ഡ് കെന്നഡിയുടെ പ...