അമേരിക്കയിലേക്ക് രണ്ടാം തവണ
Saturday, 31 July 2021
20.ജോണ്‍ എഫ് കെന്നഡി സ്മാരകവായനശാലയും മ്യൂസിയവും
ബോസ്റ്റണ്‍ നഗരത്തിലെ ചാള്‍സ് നദിയുടെ തീരത്താണ് അമേരിക്കയുടെ 35ആമത്തെ പ്രസിഡണ്ടായിരുന്ന ജോണ്‍ ഫിറ്റ്ജെറാള്‍ഡ് കെന്നഡിയുടെ പേരില്‍ ഉണ്ടാക്കിയ ലൈബ്രറിയും മ്യൂസിയവും നിലനില്‍ക്കുന്നത്. മസാച്യുസെറ്റ്സ് ബോസ്റ്റണിലെ കൊളംബിയാ പോയിന്റ് എന്ന സ്ഥലത്ത് മസാച്യുസെറ്റ്സ് യൂണിവേര്‍സിറ്റിയുടെയും എഡ്വാര്‍ഡ് എം കെന്നഡി ഇന്സ്റ്റിയൂട്ടിന്റെയും മസാച്യുസെറ്റ്സ് കോമ്മണ്‍ വെല്‍ത്ത് മ്യൂസിയത്തിന്റെയും സമീപത്താണ്.
ജോണ്‍ എഫ് കെന്നഡി ബോസ്റ്റണിലെ ധനികരായ ഒരു ഐറിഷ് കത്തോലിക്കന് കുടുംബത്തില്‍ 1917ല്‍ ആണ് ജനിച്ചത്. സഹോദരങ്ങളായ എട്ടു പേരോടൊപ്പം ഏറ്റവും മെച്ചപെട്ട വിദ്യാഭ്യാസവും മറ്റു സൌകര്യങ്ങളും ലഭിച്ച് വളര്‍ന്നു. ചെറുപ്പകാലത്ത് അടുത്തടുത്ത് കാര്യമായ ചില അസുഖങ്ങള്‍ വന്നിരുന്ന ജോണ്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ പഠിക്കുമ്പോള്‍ തന്നെ ഏറ്റവും കൂടുതല്‍ ആള്ക്കാര് വായിച്ച ഒരു പുസ്തകം പ്രസിദ്ധീകരിച്ച് തന്റേതായ വ്യക്തിത്വം പ്രകടിപ്പിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് പസിഫിക് സമുദ്ര മേഖലയില്‍ അപകടകരമായ ചില യുദ്ധ ദൌത്യങ്ങള്‍ ഏറ്റെടുത്ത് പെട്ടെന്ന് പ്രശസ്തനായി. തുടര്‍ന്ന് കുറച്ചു കാലം പത്രപ്രവര്‍ത്തനത്തിലും ഇടപെട്ടതിനു ശേഷം രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. 1947 മുതല്‍ 1953 വരെ പ്രതിനിധി സഭയിലും 1953 മുതല്‍ 1961 വരെ അമേരിക്കന്‍ സെനറ്റിലും അംഗമായി. തുടര്‍ന്ന് അദ്ദേഹം അമേരിക്കയുടെ ഏറ്റവും ചെറുപ്പക്കാരനും റോമന്‍ കത്തോലിക്കനുമായ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. പലരും പറഞ്ഞു അദ്ദേഹത്തിന്റെ ലോകമഹായുദ്ധകാലത്തെ സാഹസികതയുടെ സ്വാഭാവിക പരിണാമം ആണെന്നുതോന്നി. അദ്ദേഹത്തിന്റെ യുവത്വത്തിന്റെയും സാഹസികത്വത്തിന്റെയും ഫലം പൂറ്ണമായും രാഷ്ട്രത്തിനു പ്രയോജനപ്പെടുന്നതിനു മുമ്പ് 1963 ല്‍ അദ്ദേഹം ഒരു കൊലപാതകിയുടെ വെടിയുണ്ടയാല്‍ കൊല്ലപ്പെട്ടു. അമേരിക്കന്‍ ജനതയില്‍ നല്ലൊരു ഭാഗത്തിനു അദ്ദേഹത്തിന്റെ കൊലപാതകം അസാധാരണമായ ഞെട്ടലും സങ്കടവും ഉണ്ടാക്കുന്നതായിരുന്നു. തുടര്‍ന്ന് അമേരിക്കന്‍ സമൂഹത്തില്‍ അല്‍പ്പം രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ കാലം ആയിരുന്നു.
1963 ഒക്ടൊബര് 19 നു ബോസ്റ്റണില്‍ വാരാന്ത്യ സന്ദര്‍ശനത്തിനിടയില്‍ ജോണ്‍ കാള്‍ വാര്ണെക്കെ എന്ന ആര്ക്കിറ്റെക്റ്റുമായി ബോസ്റ്റണില്‍ ഒരു പ്രസിഡന്‍ഷ്യല്‍ ലൈബ്രറി സ്ഥാപിക്കാനായി സ്ഥലം അന്വേഷിച്ചു. മറ്റ് പ്രസിഡന്‍ഷ്യല്‍ ലൈബ്ററികല് താരതമ്യേനെ ചെറിയ നഗരങ്ങളില്‍ ആയിരുന്നു എന്നതായിരുന്നു ഈ ആലൊചനക്ക് കാരണം . ഹാര്‍വാര്‍ഡ് ബിസിനെസ്സ് സ്കൂളിന്റെ അടുത്ത് ചാള്‍സ് നദിയെ അഭിമുഖീകരിച്ച ഒരു സ്ഥലം തിരഞ്ഞെടുത്തത് കെന്നഡി തന്നെ ആയിരുന്നു. അദ്ദേഹത്തിന്റെ തന്നെ അഭിപ്രായത്തില്‍ പുതിയ ലൈബ്രറിയില്‍ പ്രസിഡണ്റ്റിന്റെ ഔദ്യോഗികവും വ്യക്തിപരവുമായ രേഖകളും സൂക്ഷിക്കണം എന്ന് അഭിപ്രായപ്പെട്ടു. അക്കാരണത്താല്‍ ലൈബ്ററി എന്ന പേരോടൊപ്പം മ്യൂസിയം എന്ന പേരും കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടു.
1963 നവംബര്‍ 22 ന് കെന്നഡി കൊല്ലപ്പെട്ടതിനു ശേഷം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സുഹ്റുത്തുക്കളും ഈ സ്ഥാപനം അദ്ദേഹത്തിന്റെ നല്ലൊരു സ്മാരകമായി നിര്‍മ്മിക്കാം എന്നതിനെ കുറിച്ച് ആലോചിച്ചു. അവസാന തീരുമാനം എടുക്കാന്‍ കെന്നഡിയുടെ ഭാര്യ ജാക്വലിനെ ഉപദേശിക്കാന്‍ ഒരു കമ്മറ്റിയെ ഈ ജോലി ഏല്‍പ്പിച്ചു. കമ്മറ്റി പല ശില്‍പ്പികളുടെയും അഭിപ്രായം ആരാഞ്ഞു. കുറെയേരെ ചര്‍ച്ചകള്‍ക്കും അഭിപ്രായ പ്രകടനങ്ങള്‍ക്കും ശേഷം 1964 ജനുവരി 13 ന് അന്നത്തെ അറ്റോര്‍ണി ജനറല്‍ ആയിരുന്ന റൊബര്‍ട്ട് കെന്നഡി അവസാന രൂപം പ്രഖ്യാപിച്ചു. പ്രസിഡണ്ടിനെ ജീവിതത്തെപ്പറ്റി ഒരു ടേപ്പില്‍ രെഖപ്പെടുത്തിയ ചരിത്രം അവിടെ സൂക്ഷിക്കണം എന്നും തീരുമാനമായി. യൂജിന്‍ ആര് ബ്ലാക് എന്നയാള്‍ ഇത് നിര്‍മ്മിക്കുന്ന ട്രസ്റ്റിന്റെ അദ്ധ്യക്ഷനായും നിയമിക്കപ്പെട്ടു. നിര്‍മ്മാണത്തിനാവശ്യമായ 100 ലക്ഷം ഡോളറില്‍ 10 ലക്ഷം ഡോളര്‍ ജോസെഫ് കെന്നഡി ഫൌന്ഡേഷന് തന്നെ സംഭാവനയായി കൊടുക്കുകയും ചെയ്തു. മറ്റു വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും ഭീമമായ തുകകള്‍ സംഭാവനയായി ഒഴുകി വന്നു കൊണ്ടിരുന്നു. 1964 ഡിസംബര്‍ 13 ന് കെന്നഡി കുടുംബം ആര്കിറ്റെക്റ്റായി എല്‍.എ. പെയ് എന്നയാളെ തിരഞ്ഞെടുത്തു. ഈ തീരുമാനത്തില്‍ പ്രധാനി കെന്നഡിയുടെ പത്നി ജാക്വലിന് തന്നെ ആയിരുന്നു. ഇതോടൊപ്പം തന്നെ ഉദ്ദേശിച്ചിരുന്ന 100 ലക്ഷം ഡോളര്‍ പിരിഞ്ഞു കിട്ടുകയും ചെയ്തു. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും പണി 1971 ആയിട്ടും തുടങ്ങിയില്ല. ഇതുമായിട്ട് ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്ന ഗവേഷകരും മറ്റു വിദഗ്ദ്ധരും താല്‍ക്കാലിക കെട്ടിടത്തില്‍ തന്നെ ജോലി ചെയ്തു. ഇതിനിടയില്‍ ആദ്യം തിരഞ്ഞെടുത്ത സ്ഥലം മാറ്റി വേറെ സ്ഥലം തിരഞ്ഞെടുക്കുകയും ചെയ്തു.
മസ്സച്യുസെറ്റ്സ് യൂനിവേര്‍സിറ്റിക്ക് അടുത്തുള്ള കൊളംബിയ പോയിന്റ് എന്ന സ്ഥലത്തെ പുതിയ പ്ലാനും മറ്റും ഉണ്ടാക്കി 1977 ജൂണ്‍ 12 നു പണി തുടങ്ങി. 300 ലക്ഷം ആള്ക്കാര് ഈ സ്ഥാപനം നിര്‍മ്മിക്കുന്നതിനു വേണ്ടി സംഭാവന ചെയ്തവരില്‍ പെടുന്നു. 225 ആള്ക്കാര് പണിയില്‍ ഏര്‍പ്പെട്ടു. ഏകദേശം 200 ലക്ഷം ഡോളര്‍ മുടക്കി പണി 1979 അവസാനം പൂര്‍ത്തിയാക്കി .1979 ഒക്ടോബര്‍ 20 നു ഈ സ്ഥാപനം രാഷ്ട്രത്തിനു സമര്‍പ്പിക്കപ്പെട്ടു. പ്രസിഡണ്ട് ജിമ്മി കാര്‍ട്ടര്‍, കെന്നഡിയുടെ മകള്‍ കരോളിന് കെന്നഡി മകന് ജോണ്‍ എഫ് കെന്നഡി (ജൂനീയര്‍) എന്നിവര്‍ സന്നിഹിതരായിരുന്നു. സ്റ്റീഫന്‍ സ്പെന്ഡറുടെ കവിത വായിച്ച് മകന് സമര്‍പ്പണം നിര്‍വഹിച്ചു.
ലൈബ്രറിയുടെ ഒന്നാം നിലയില്‍ വിഡിയോ മൊണിട്ടറുകളും കുടുംബ ഫോട്ടൊകളും സ്മരണികകളും വെച്ചിരിക്കുന്നു. സന്ദര്‍ശകര്‍ ആദ്യം കാണുന്നത് ജൊണ് എഫ് കെന്നഡിയെ കുറിച്ചുള്ള ഒരു ചലചിത്രം ആണ്. അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ ഇതില്‍ കൂടി കാണാം . ഇവിടെ അമേരിക്കയിലെ പ്രഖ്യാതനായ നൊവലിസ്റ്റ് ഏര്‍നെസ്റ്റ് ഹെമിങ്വേയുടെ പ്രധാന സംഭാവനകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഹെമിങ്വേയുടെ ഭാര്യയ്യും ജാക്വലിന് കെന്നഡിയുമായി ഒരു ധാരണയുടെ പേരില്‍ ആണ് ഇതു ചേര്‍ത്തത് .
ഏതായാലും ഞങ്ങള്‍ക്ക് “ ഒരു രാഷ്ട്രം നിങ്ങള്‍ക്ക് എന്തു നല്കുന്നു എന്നു മാത്രം നോക്കാതെ നിങ്ങള്‍ക്ക് രാഷ്ട്രത്തിനു വേണ്ടി എന്തു ചെയ്യാന്‍ കഴിയും എന്നു നോക്കുക “ എന്ന് ജനങ്ങളെ ആഹ്വാനം ചെയ്ത ആ മഹാനായ പ്രസിഡണ്ടിനെ നമിച്ചു കൊണ്ട് ഞങ്ങള്‍ അവിടം എല്ലാം നടന്ന് കണ്ടു.
അവലംബം
https://en.wikipedia.org/wiki/John_F._Kennedy_Presidential_Library_and_Museum
https://millercenter.org/president/kennedy/life-in-brief
19.ബോസ്റ്റണ്‍ ഡക് ടൂര്‍
രണ്ടാം ലോകമഹായുദ്ധകാലത്ത് ഉണ്ടാക്കിയ കരയിലും വെള്ളത്തിലും സഞ്ചരിക്കാന്‍ കഴിയുന്ന ഒരു വാഹനം ടൂറിസ്റ്റ് ആകര്ഷണമാക്കിയതാണ് ബോസ്റ്റണ്‍ ഡക്ക് ടൂര്‍ എന്നറിയപ്പെടുന്നത്. റോഡിലും വെള്ളത്തിലും യാത്ര ചെയ്യാന്‍ ഉപയോഗിക്കാവുന്ന ഒരു വാഹനം ആണിതിനു ഉപയോഗിക്കുന്നത്. ബോസ്റ്റണ്‍ നഗരം കാണാന്‍ വേണ്ടി ഇവിടെ വരുന്ന ടൂറിസ്റ്റുകളെ ഈ വാഹനത്തില്‍ നഗരം ചുറ്റികാണിക്കുന്നു.
ആദ്യത്തെ ഡക്ക് ടൂര്‍ 1946 ല്‍ ആണ് തുടങ്ങിയത്. മെല്‍ ഫ്ലാത്ത് ബോബ് ഉംഗര്‍ എന്നിവരാണ് ഇതു ഒരു ടൂറിസ്റ്റ് ആകര്‍ഷണമാക്കി വളര്‍ത്തിയെടുത്തത്. വിസ്കോന്‍സിന്‍ ഡെല്ല്സ് എന്ന പേരില്‍ അറിയപ്പെടുന്ന സ്ഥലത്തുള്ളവരായിരുന്നു ഇവര്‍. ഇപ്പോഴും വിസ്കോന്‍സിന്‍ ഡക്ക്സ് എന്നപേരില്‍ തന്നെയാണ് അറിയപ്പെടുന്നത്. ഫാത്തിന്റെ കുടുംബം ഇപ്പോഴും വിസ്കോണ്‍സിനില്‍ ഇതു പോലെ ഒരു ഡക്ക് ടൂര്‍ നടത്തുന്നുണ്ട്.
ബോസ്റ്റണ്‍ ഡക്ക് ടൂറില്‍ നഗരത്തിന്റെ പ്രധാന ഭാഗങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട് . ബീക്കണ്‍ ഹില്ലിലെ സ്റ്റെയ്റ്റ് ഹൌസില്‍ നിന്നു പുറപ്പെട്ട് ബങ്കര്‍ ജില്ല്, ടിഡി ഗാര്ഡന് ഇവയില്‍ കൂടി പോകുന്നു. ബോസ്റ്റണ്‍ പഴയ നഗരത്തിലെ ബോസ്റ്റണ്‍ കോമ്മണ്‍ എന്ന പൊതു പാര്‍ക്കില്‍ കൂടി കോപ്ലീ ചത്വരം, ന്യൂബറി തെരുവ്, ക്വിന്‍സി മാര്‍ക്കറ്റ്, പ്രൂഡന്‍ഷ്യല്‍ ടവര്‍ എന്നിവ വഴി ചാള്‍സ് നദിയിലേക്ക് ഇറങ്ങി ബോസ്റ്റണ്‍ ഉള്‍ക്കടലില്‍ കുറച്ചു ദൂരം വെള്ളത്തില്‍ കൂടിയും യാത്ര ചെയ്യുന്നു. നദിയില്‍ കൂടി പോകുമ്പോള്‍ ബോസ്റ്റണ്‍ കെയിംബ്റിഡ്ജ് ചക്രവാളങ്ങള്‍ നല്ലതുപോലെ കാണാന്‍ കഴിയുന്നു. യാത്രക്കിടയില്‍ വിവിധ ഭാഷയിലുള്ള വിശദീകരണവും കേള്‍ക്കാം.
ഡക് ടൂര്‍ അപകടങ്ങള്‍
ഡക്ക് ടൂര്‍ പല പ്രാവശ്യം അപകടത്തില്‍ പെട്ടിട്ടുണ്ട്, ചിലത് കാര്യമായതും ചിലത് നിസ്സാരമായതും. ഡക്ക് ടൂറ് ഉള്ള പല സ്ഥലത്തും ഈ അപകടം സംഭവിച്ചിട്ടുണ്ട്. 2016 ഏപ്രില്‍ 30 നു പെനിലൊപ്പി പ്രു എന്ന പേരില്‍ അറിയപ്പെട്ട ഡക്ക് ടൂര്‍ വാഹനം പഴയ ഒരു മിലിട്ടറി ജീപ്പിന്റെ ചാസിസ് വ്യത്യാസപ്പെടുത്തി എടുത്തതായിരുന്നു. ഇതു റോഡില്‍ തിരിയുന്ന സമയം ബേക്കണ്‍ സ്റ്റ്രീറ്റില്‍ വെച്ച് ഒരു മോടോര്‍ സ്കൂട്ടരുമായി കൂട്ടിയിടിച്ചു സ്കൂട്ടറിലെ 29 വയസ്സുള്ള യാത്രക്കാരി മരിച്ചു, കൂടെ ഉണ്ടായിരുന്ന യാത്രക്കാരനു സാരമായ പരിക്കു പറ്റി. അപകട കാരണം ഡക്ക് വാഹനത്തിന്റെ വില്ലുപോലെയുള്ള ഭാഗത്തു നിന്നു ഈ സ്കൂട്ടര്‍ കാണാന്‍ കഴിഞ്ഞില്ല എന്നതായിരുന്നു എന്നു മനസ്സിലായി. ഏതായാലും പരമാവധി സുരക്ഷാ മുന്‍ കരുതല്‍ എടുത്താണ് ഇപ്പോഴും ഡക്ക് ടൂര്‍ നടത്തുന്നത്, ഞങ്ങള്‍ എല്ലാവരും കുഞ്ഞുങ്ങള്‍ രണ്ട് പേരും മകളും ഭര്‍ത്താവും ഞാനും ശ്രീമതിയും വാഹനത്തില്‍ കയറി.ഏതാണ്ട് 80 മിനിട്ട് നേരം ആയിരുന്നു ടൂറ്. വെള്ളത്തിലും കരക്കും സഞ്ചരിക്കുന്ന വാഹനത്തില്‍ കയറിയ ആദ്യത്തെ അനുഭവം ആയിരുന്നു. കുഞ്ഞുങ്ങള്‍ അത് നല്ലതു പോലെ ആസ്വദിച്ചു . അവര്‍ക്ക് എല്ലാം പുതുമയാണല്ലൊ. കരയിലും പുഴയിലും യാത്ര ചെയ്തപ്പൊള്‍ കണ്ട ചില ദ്രുശ്യങ്ങള്‍ ഇതോടൊപ്പം കൊടുക്കുന്നു .
അവലംബം ( കൂടുതല്‍ അറിയാന്‍)
https://www.viator.com/tours/Boston/Boston-Duck-Tour/d678-3037DUCK?mcid=56757
https://en.wikipedia.org/wiki/Boston_Duck_Tours
https://bostonducktours.com/
18.ബോസ്റ്റണ്‍ തുറമുഖ സന്ദര്‍ശനം
ഞങ്ങളുടെ അടുത്ത യാത്ര ബോസ്റ്റണ്‍ തുറമുഖം കാണാന്‍ വേണ്ടി ആയിരുന്നു. അതിനോടൊപ്പം ഒരു ഡക്ക് ടൂറും ജോണ്‍ എഫ് കെന്നഡി മെമ്മോറിയല്‍ കാണാനും കഴിഞ്ഞു. ആദ്യം തുറമുഖം തന്നെ ആവട്ടെ.
ബോസ്റ്റണ്‍ തുറമുഖം ഒരു മാസാച്യുസെറ്റ്സ് ഉള്‍ക്കടലില്‍ ഉള്ള ഒരു സ്വാഭാവിക തുറമുഖം ആണ്. ബോസ്റ്റണ്‍ നഗരത്തിനു തൊട്ടടുത്തു തന്നെ യാണ് തുറമുഖവും. അമേരിക്കയുടെ വടക്കു കിഴക്കന്‍ മേഖലയില്‍ ഉള്ള പ്രധാന കയറ്റിറക്ക് കേന്ദ്രവും ആണിത്. 1614ല്‍ യൂറോപ്പില്‍ നിന്നു വന്ന ജോണ്‍ സ്മിത് എന്നയാളാണ് ഈ തുറമുഖം കണ്ടെത്തിയത് എന്നു പറയപ്പെടുന്നു. ചരിത്ര പ്രധാനമായ ബോസ്റ്റണ്‍ ടീ പാര്‍ട്ടിയുടെ സ്ഥലം ഇതായിരുന്നല്ലോ. അമേരിക്കന്‍ സ്വാതന്ത്ര്യ സമരത്തിന്റെ തുടക്കവും അങ്ങനെ ഇവിടെ നിന്നായിരുന്നല്ലോ. അന്നു മുതല്‍ ഇവിടെ തുടര്‍ച്ചയായി പല വികസന പ്രവര്‍ത്തനങ്ങളും നടന്നു വരുകയായിരുന്നു. ഇത് 19ആം നൂറ്റാണ്ട് വരെ തുടര്‍ന്നു. 1660 ആയപ്പോള്‍ ന്യൂ ഇങ്ലണ്ടു തീരത്തേക്കുള്ള ഇറക്കുമതി മുഴുവന്‍ ബോസ്റ്റണ്‍ തുറമുഖം വഴിയായിരുന്നു. തുടര്‍ന്ന് ഇവിടെ കുറിയേറിയ ആള്ക്കാര് ബോസ്റ്റണ്‍ നഗരത്തെ പെട്ടെന്നുള്ള വികാസത്തിനു സഹായിച്ചു.
പക്ഷേ തിരക്കി കൂടിയതോടു കൂടി തുറമുഖം പെട്ടെന്ന് ഗണ്യമായ മലിനീകരണത്തിനു കാരണമായി. നഗര നിവാസികള്‍ തുറമുഖത്തിനടുത്ത് വെള്ളത്തില്‍ കുളിക്കരുത് എന്നു നിര്‍ദ്ദേശം കൊടുക്കേണ്ടി വന്നു. തുടര്‍ന്ന് ഒന്നിലധികം മലിനജല ശുദ്ധീകരണ പ്ലാന്റുകള്‍ സ്ഥാപിച്ച് മലിനീകരണത്തിനു കുറെയൊക്കെ കുറവുണ്ടാക്കി. ജല ശുദ്ധീകരണം ബോസ്റ്റണ്‍ നഗരസഭയുടെ ചുമതലയിലാക്കി .1972ല്‍ ശുദ്ധജല നിയമം (Clean Water Act ) പാസാക്കുകയും ചെയ്തു. അതൊടെ മലിനീകരണത്തിനു ഗണ്യമായ തടയിടാന്‍ കഴിഞ്ഞു.
ബോസ്റ്റണ്‍ തുറമുഖം അസാധാരണ വലിപ്പം ഉള്ളതാണ്. പ്രധാനമായിട്ടും മസ്സ്സച്യുസെറ്റ്സ് ഉളക്കടലില് ആണ് ഇതുള്പ്പെട്ടിരിക്കുന്നത്. അറ്റ്ലാന്റിക് സമുദ്രത്തില്‍ നിന്നു വടക്കു ഭാഗത്ത് വിന്ത്റൊപ് ഉപദ്വീപും ഡിയര്‍ ദ്വീപും തെക്കു ഭാഗത്ത് നണ്ടാസ്കറ്റ് ഉപദ്വീപും പൊയിന്റ് അല്ലെര്ട്ടണ് ഈ തുറമുഖത്തെ സംരക്ഷിക്കുന്നു. ഹാര്‍ബറിലെ ദ്വീപുകള്‍ ഇതിനു നടുക്കായി വരുന്നു. ഈ തുറമുഖം ഉള്ഭാഗതുറമുഖം ബാഹ്യഭാഗ തുറമുഖവും ആയി രണ്ടായി തിരിച്ചാണ് അറിയപ്പെടുന്നത്. തുറമുഖം ഏകദേശം 50 ച. മൈല്‍ വിസ്ത്റുത്യില് ആണ് കിടക്കുന്നത്. 180 മൈല്‍ തീരത്തായി ഇതു വ്യാപിച്ചു കിടക്കുന്നു. 34 ദ്വീപുകളാണ് തുറമുഖത്തിന്റെ ഭാഗമായുള്ളത്. തുറമുഖത്തിന്റെ ഉള്‍ഭാഗം ചാള്‍സ് നദി സമുദ്രത്തിലേക്ക് വീഴുന്ന ഭാഗത്തു തന്നെയാണ്. ബാഹ്യഭാഗം ഇതിന്റെ തെക്കും വടക്കും ഭാഗത്താണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് അവലംബം നോക്കുക
അവലംബം
https://en.wikipedia.org/wiki/Boston_Harbor
https://www.bostonharborislands.org/
17.ഫ്രൂട്ട് ലാന്‍ഡ്സ് മ്യൂസിയം മസാച്യുസെറ്റ്സ്
മസാച്യുസെറ്റ്സിലെ ഹാര് വാര്‍ഡ് ഭാഗത്തെ ഒരു മ്യൂസിയം ആണ് ഫ്രൂട്ട് ലാന്‍ഡ്സ് എന്നറിയപ്പെടുന്നത്. ഇത് കുറച്ചുകാലം മാത്രം നിലനിന്ന ഒരു സാങ്കല്‍പ്പിക സമൂഹം ആയിരുന്നു. ഇവിടെ ഒരു കളപ്പുര(Farmhouse)യും 1770-80 കാലഘട്ടത്തില്‍ യേശുക്റിസ്തുവിന്റെ രണ്ടാം വരവില്‍ വിശ്വസിക്കുന്ന ഷേക്കര്‍ എന്ന സമൂഹത്തിന്റെ ജീവിതത്തെപ്പറ്റിയുള്ള ചരിത്ര മ്യൂസിയം, പത്തൊമ്പതാം നൂറ്റാണ്ടിലെ അവിടത്തെ ഭൂപ്രദേശത്തെ കുറിച്ചുള്ള നാട്ടുകാര്‍ വരച്ച പെയിന്റിങ്ങുകളുടെ പ്രദര്‍ശനം എന്നിവയാണ് ഉള്ളത്. ചുരുക്കത്തില്‍ അമേരിക്കയിലെ ആദ്യകാലനാട്ടുകാരുടെ ചരിത്രം സൂക്ഷിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗം തന്നെയാണിതും. സന്ദര്‍ശകര്‍ക്ക് 1840 ലെപ്പോലെ സൂക്ഷിച്ചിട്ടുള്ള കളപ്പുരയും മറ്റു പ്രദര്‍ശന വസ്തുക്കളും കാണാന്‍ കഴിയും. അതീന്ദ്രിയത്വം (Transcendalilsm) എന്ന ആശയത്തെപ്പറ്റിയും അതിന്റെ ഉപ്ജ്ഞാതാവായിരുന്ന ആല്‍ക്കോട്ട് കുടുംബത്തിന്റെ ചരിത്രവും അവിടെ സൂക്ഷിച്ചിരിക്കുന്നു. ഇവിടെ സമ്മേളനങ്ങളും സംഗീത കച്ചേരികളും വിവാഹ ആഘോഷങ്ങളും മറ്റും ഇപ്പോള്‍ നടത്താറുണ്ട്.
അതീന്ദ്രിയ തത്വം എന്ന തത്വ ചിന്താ സരണിയുടെ ഉപജ്ഞാതാവായി അറിയപ്പെടുന്നത് ആമൊശ് ബ്രൊണ്സണ് ആല്ക്കൊട്ട് എന്നയാള്‍ ആയിരുന്നു. ഈ ചിന്താസരണിയില്‍ വിശ്വസിക്കുന്ന ആള്‍ക്കാര്‍ക്കു വേണ്ടി ചാള്‍സ് ലെയിന്‍ എന്നയാള്‍ 1843ല്‍ 90 ഏക്കര്‍ സ്ഥലം വാങ്ങി ഒരു കമ്മ്യൂണ്‍ സ്ഥാപിച്ചു. ഈ സ്ഥലത്തിനു ഫ്റൂട്ട് ലാന്‍ഡ്സ് എന്ന പേരും കൊടുത്തു. തുടക്കത്തില്‍ ഇവിടെ ഏതാനും ആപ്പിള്‍ മരങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഈ സമൂഹം സ്വാശ്രയത്വത്തില്‍ വിശ്വസിച്ചിരുന്നതു കൊണ്ട് ഈ ഗ്രാമത്തിലെ അന്തേവാസികള്‍ തന്നെയാണ്അവര്ക്ക് ആവശ്യമായ ഭക്ഷണം ക്റുഷി ചെയ്തുണ്ടാക്കിയതും ഭക്ഷണം പാകം ചെയ്തതുമൊക്കെ. എന്നാല്‍ ഇവിടെ ക്റുഷി ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നതു കൊണ്ട് ഈ സമൂഹ ജീവിതം അധികനാള്‍ നിലനിന്നില്ല. ഏതാനും വര്‍ഷങ്ങള്‍ കഴിഞപ്പോള്‍ ഇവിടെ വന്നവര്‍ ഓരോരുത്തരായി വിട്ടുപോയി. ഇതു സ്ഥാപിച്ച ലെയിനും ആല്ക്കോട്ടും പോലും 1844 ജനുവരി ആയപ്പോള്‍ ഇവിടെ നിന്നു പോയി. ഈ ആല്‍ക്കോട്ടിന്റെ രണ്ടാമത്തെ പുത്രി ലൂയിസ മേയ് ആല്‍ക്കോട്ട് പ്രസിദ്ധയായ ഒരു ചെറുകഥാക്റുത്തും നോവലിസ്റ്റും ആയിരുന്നു. ലിറ്റില്‍ വിമന്‍ (Little Women) എന്ന പ്രസിദ്ധമായ നോവലിന്റെ രചയിതാവായിരുന്നു ഇവര്‍.
തുടര്‍ന്ന് ഈ വസ്തു 1910ല്‍ ക്ലാരാ എന്ഡിക്കൊട്ട് സിയേര്‍സ് എന്നയാള്‍ വിലക്കു വാങ്ങി കളപ്പുര ഒരു മ്യൂസിയമാക്കി 1914ല്‍ പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുത്തു. ആദ്യം ഉണ്ടായിരുന്ന ഫ്രൂട്ട് ലാന് ഡ് കെട്ടിറ്റത്തിന്റെ കൂടെ ഒരു ഹാര് വാര്‍ഡ് ഷേക്കര്‍ വീടും അമേരിക്കന്‍ നാട്ടുകാര്‍ ഉപയോഗിച്ചിരുന്ന ചില വസ്തുക്കളും ഹഡ്സണ്‍ റിവര്‍ സ്കൂള്‍ പെയിന്റിങ്ങുകളും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഈ മ്യുസിയം സിയെറ്സിന്റെ ശ്രമഫലമായാണ് നിലനിന്നത്.
2015 മുതല്‍ 2019 വരെ ഈ സ്ഥലം ഒരു സൈക്കിള്‍ ഓട്ടമല്‍സരത്തിനു വേദിയായി. ഇതിനു വേണ്ടി കുറെയൊക്കെ ചെളി നിറഞ്ഞ പാതയും മ്റ്റും ഉപയുക്തമാക്കി . ന്യൂ ഇംങ്ലണ്ടിലെ സൈക്കില്‍ മല്‍സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് താല്പര്യം ഉള്ള സ്ഥലമായി മാറി. കോവിഡ് പ്രമാണിച്ച് 2020 ലും മല്‍സരങ്ങള്‍ ഉണ്ടായില്ല.
അവലംബം
https://en.wikipedia.org/wiki/Fruitlands_(transcendental_center)
https://en.wikipedia.org/wiki/Louisa_May_Alcott
16.ഹാര്‍വാര്‍ഡ് യൂണിവേര്സിറ്റിയിലെ സ്ഫടിക മ്യൂസിയം
ബോസ്റ്റണ്‍ നഗരം ചരിത്രത്തില്‍ സ്ഥാനം പിടിച്ചതു പോലെ തന്നെ ഒരു ഉന്നത വിദ്യാഭ്യാസകേന്ദ്രവും കൂടിയാണ് എന്നു ഞാന്‍ മുമ്പു സൂചിപ്പിച്ചിരുന്നു. സാങ്കേതിക വിദ്യ പഠിക്കുന്ന ഏതൊരാളുടെയും സ്വപ്നം ആയിരിക്കും മസ്സാച്യുസെറ്റ്സ് ഇന്സ്റ്റിറ്റ്യുട്ടില് പഠിക്കുക എന്നത് ,അതുപോലെ മാനേജ്മെന്റ് പഠിക്കുന്ന ആള്‍ക്ക് ഹാര്‍വാര്‍ഡ് യൂണീവേറ്സിറ്റിയിലു,. ആദ്യകാലം മുതലേ മാനേജ്മെന്റ് മേഖലയില്‍ ഹാര്‍വാര്‍ഡ് യൂണിവേര്സിറ്റി ഒരു ലോകോത്തര സ്ഥാപനം ആണല്ലൊ. ഞങ്ങള്‍ക്ക്, എനിക്കോ എന്റെ കുട്ടികള്‍ക്കോ അതിനുള്ള ഭാഗ്യം കിട്ടിയില്ല എങ്കിലും ബോസ്റ്റണില്‍ പോയപ്പൊള്‍ ഈ സ്ഥാപനങ്ങള്‍ക്കുള്ളില്‍ പോകാന്‍ ഒരവസരം ഉണ്ടാക്കി. അതിനു തുനിഞ്ഞപ്പോഴാണ് ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ലോകത്തില്‍ ഏറ്റവും വലിയ ഒരു സ്ഫടിക കാഴ്ച ബംഗ്ലാവ് അവിടെയുണ്ട് എന്നറിഞ്ഞത്. അപ്പോള്‍ അവിടെ കയറാനുള്ള മോഹവും തീര്‍ക്കാം , സ്ഫടിക കാഴ്ച ബംഗ്ലാവും കാണാം എന്നു കരുതി ഒരു ദിവസം അവിടേക്ക് പുറപ്പെട്ടു.
ബ്ലാഷ്കാ സ്ഫടിക സസ്യങ്ങളുടെ മാത്റുകകളുടെ ശേഖരം ലോകത്തിലെ അത്യപൂര്‍വമായ ഒരു സ്ഥാപനം തന്നെ ആകുന്നു. സ്ഫടികത്തില്‍ നിര്‍മ്മിച്ച യഥാര്‍ത്ഥ്യ ബോധത്തൊടെ നിര്‍മ്മിച്ച ഈ ചെടികള്‍ ഹാര്‍വാര്‍ഡിന്റെ സ്വകാര്യ അഹങ്കാരമാണ്, ലോകത്തില്‍ മറ്റൊരിടത്തും കാണാന്‍ കഴിയുന്നതുമല്ല. മസാച്യുസെറ്റ്സിലെ കെയിംബ്രിഡ്ജ് മേഖലയില്‍ ഉള്ള നാചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിന്റെ പ്രധാനപ്പെട്ട ഭാഗമാണിത്. 1887 മുതല്‍ 1936 വരെയുള്ള കാലഘട്ടത്തില്‍ ലിയൊപോള്‍ഡ് ബ്ലാഷ്കായും റുഡോള്‍ഫ് ബ്ലാഷ്കായും കൂടി ജര്‍മ്മനിയിലെ ഡ്റെസ്ഡന് എന്ന നഗര പ്രാന്തത്തില്‍ ഉള്ള ഹോസ്റ്റര്വിറ്റ്സ് എന്ന സ്ഥലത്ത് അവരുടെ സ്റ്റുഡിയോയില്‍ നിര്‍മ്മിച്ചതായിരുന്നു ഈ സ്ഫടികസസ്യങ്ങള്. ഈ ശേഖരം ഹാര്‍വാര്‍ഡ് ബൊട്ടാണിക്കല്‍ മ്യൂസിയത്തിന്റെ ആദ്യത്തെ ഡയറക്ടറായിരുന്ന ജോര്‍ജ് ലിങ്കണ് ഗൂഡെയില്‍ എന്നയാള്‍ ആണ് കമ്മീഷന് ചെയ്തത്. സാമ്പത്തിക സഹായം ചെയ്തത് മേരി ലീ വെയറും എലിസബെത് സി വെയറും കൂടി ആയിരുന്നു. 780 ഇനത്തിലും 187 കുടുംബത്തിലും പെട്ട 847 വിവിധ തരം സസ്യങ്ങള്‍ ആയിരുന്നു ആദ്യം ഉണ്ടായിരുന്നത്. സസ്യങ്ങളുടെ ഭാഗങ്ങളുടെ 3000 ഓളം വിശദമായ മാത്റുകകളും ഇവിടെ ഉണ്ട്. 4400 എണ്ണം വെവ്വേറെയുള്ള സ്ഫടിക മാത്രുകകളും ഉണ്ട്.
ബ്ലാഷ്കാ കുടുംബം 1863 മുതല്‍ ജര്‍മ്മനിയില്‍ സ്ഫടികത്തില്‍ വിവിധ മാത്റുകകള്‍ ഉണ്ടാക്കുന്ന വ്യവസായം നല്ല രീതിയില്‍ നടത്തിയിരുന്നു. നട്ടെല്ലുള്ള സമുദ്രജീവികളുടെ മാത്റുകകള്‍ അവരുടെ സവിശേഷതയായിരുന്നു . അവരുടെ സ്ഥാപനത്തില്‍ നിന്നു പല വ്യക്തികളും സ്ഥാപനങ്ങളും ഇത്തരം മാത്റുകകള്‍ വാങ്ങിക്കൊണ്ടിരുന്നു. 1886ല്‍ ബ്ലാഷ്കോ കുടുംബത്തിലെ ആരോ പ്രൊഫസര്‍ ഗൂഡെയിലിനെ സമീപിച്ചു ബൊട്ടാണിക്കല്‍ ഗാര്‍ഡനിലേക്ക് അവരുടെ മാത്റുകകള്‍ സ്വീകാര്യം ആണോ എന്നറിയാന്‍. അദ്ദേഹം ജര്‍മ്മനിയില്‍ പോയി അവരുടെ സമുദ്രജീവികളുടെ മാത്റുകകള്‍ കണ്ടതിനു ശേഷം യൂണിവേര്സിറ്റിക്കു വേണ്ടി ഇത്തരം ചില ത്രിമാന മാത്റുകകള്‍ സ്ഥിരമായ വര്‍ണത്തില്‍ ഉണ്ടാക്കാന്‍ ആവശ്യപ്പെട്ടു. ആദ്യം അവര്‍ ശങ്കിച്ചു എങ്കിലും അവര്‍ ചില മാത്റുകകള്‍ ഉണ്ടാക്കാന്‍ തുടങ്ങി ചിലത് അയച്ചു കൊടുത്തു. അവയില്‍ ചിലത് കസ്റ്റംസില്‍ കയറി ഇറങ്ങി തകരാറില്‍ ആയി എങ്കിലും ഇത്തരം മാത്രുകകള്‍ ഹാര്‍വാര്‍ഡ് മ്യൂസിയത്തിനു മുതല്‍ക്കൂട്ടാകുമെന്നു പ്രൊഫസര്‍ക്കു തോന്നി. ഇത്തരം പ്രദര്ശനവസ്തുക്കള് വാങ്ങാനുള്ള സാമ്പത്തിക സഹായം അദ്ദേഹത്തിന്റെ പൂര്‍വവിദ്യാര്‍ത്ഥികളായിരുന്ന മെരി ലീ വെയറിനെയും എലിസബെത് ലീ വെയറിനെയും സമീപിച്ചു. അവര്‍ മടികൂടാതെ സഹായം വാഗ്ദാനം ചെയുകയും ചെയ്തു. 1887 ല്‍ തുടങ്ങിയ പണി 1890 ല്‍ കൂടുതല്‍ വേഗതയൊടെ തുടര്‍ന്നു. ഈ ജോലി 1936 വരെ തുടര്‍ന്നു. ലിയൊപോള്ഡും എലിസബെത്തും മരണപ്പെടുകയും ചെയ്തു. ഈ ശേഖരം മേരിയുടെ ഭര്‍ത്താവും എലിസബത്തിന്റെ പിതാവും ആയിരുന്ന ദിവംഗതനായ ഡോ.ചാള്‍സ് എലിയട്ട് വെയര്‍ എന്നയാളിന്റെ പേരില്‍ ആണ് സമര്‍പ്പിക്കപ്പെട്ടത്.
ഇവിടെയുള്ള സ്ഫടികത്തില്‍ ഉണ്ടാക്കിയ പുഷ്പങ്ങള്‍ ഏറ്റവും ആകര്‍ഷണീയം ആണ്. ഒരു വര്‍ഷം 2,10,000 ആള്ക്കാര് എങ്കിലും ഇതു കാണാന്‍ വരുന്നുണ്ടത്രെ. ഹാര്‍വാര്‍ഡ് യൂണിവേര്സിറ്റിയില് വരുന്ന ഏവര്‍ക്കും ഈ മ്യൂസിയം അതുല്യമായ ഒരി ദ്രുശ്യവിരുന്നു തന്നെ എന്നതിനു യാതൊരു സംശയവുമില്ല. സ്ഫടികത്തില്‍ നിര്‍മ്മിച്ച ഈ സസ്യങ്ങള്‍ കാണികളില്‍ പലരും ശരിക്കും സസ്യങ്ങള്‍ ആണോ എന്നു സംശയിച്ചു പോയിട്ടുണ്ട്, അത്രമാത്രം യഥാതഥമായിട്ടാണ് അവ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതു. മൂന്നു നിലയിലയിലായി വലിയ ഹാളുകളില്‍ ആണ് ഇവ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഞങ്ങള്‍ കണ്ടതില്‍ ചിലവ ഇതോടൊപ്പം കൊടുക്കുന്നു, സാമ്പിളായി മാത്രം.
അവലംബം
https://en.wikipedia.org/wiki/Glass_Flowers
https://huh.harvard.edu/glass-flowers
Subscribe to:
Comments (Atom)
20.ജോണ്‍ എഫ് കെന്നഡി സ്മാരകവായനശാലയും മ്യൂസിയവും
ബോസ്റ്റണ്‍ നഗരത്തിലെ ചാള്‍സ് നദിയുടെ തീരത്താണ് അമേരിക്കയുടെ 35ആമത്തെ പ്രസിഡണ്ടായിരുന്ന ജോണ്‍ ഫിറ്റ്ജെറാള്‍ഡ് കെന്നഡിയുടെ പ...
-
രണ്ടാം ലോകമഹായുദ്ധകാലത്ത് ഉണ്ടാക്കിയ കരയിലും വെള്ളത്തിലും സഞ്ചരിക്കാന്‍ കഴിയുന്ന ഒരു വാഹനം ടൂറിസ്റ്റ് ആകര്ഷണമാക്കിയതാണ് ബോസ്റ്റണ്‍...
-
മസാച്യുസെറ്റ്സിലെ ഹാര് വാര്‍ഡ് ഭാഗത്തെ ഒരു മ്യൂസിയം ആണ് ഫ്രൂട്ട് ലാന്‍ഡ്സ് എന്നറിയപ്പെടുന്നത്. ഇത് കുറച്ചുകാലം മാത്രം നിലനിന്ന ഒരു...
-
ഞങ്ങളുടെ അടുത്ത യാത്ര ബോസ്റ്റണ്‍ തുറമുഖം കാണാന്‍ വേണ്ടി ആയിരുന്നു. അതിനോടൊപ്പം ഒരു ഡക്ക് ടൂറും ജോണ്‍ എഫ് കെന്നഡി മെമ്മോറിയല്‍ ...


































