Saturday, 19 June 2021

3. ബോസ്റ്റണില്‍ ഒരു പുതിയ കൊച്ചു ചങ്ങാതിയും ചിത്രശലഭ പാര്‍ക്കും

അമേരിക്കയില്‍ ആദ്യം വന്നത് 2003 വേനല്‍ അവധിക്കായിരുന്നു. അന്ന് മകളും ഭര്‍ത്താവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് കളിക്കൂട്ടുകാരിയായി ഒരു കുഞ്ഞുമോള്‍ കൂടി ഉണ്ടായിരുന്നു. മകളുടെ വിവാഹം കഴിഞ്ഞു അല്പം വൈകിയാണെങ്കിലും ഉണ്ടായ കടിഞ്ഞൂല്‍ കനി, പ്രസവ സമയത്ത് ഏതാനും മാസങ്ങള്‍ അമ്മ കൂടെ ഉണ്ടായിരുന്നു എങ്കിലും ഡിസംബറിലെ കടുത്ത തണുപ്പിനു ശ്രീമതി വീട്ടില്‍ നിന്ന് തന്നെ പുറത്തു ഇറങ്ങാതെ ഇരിക്കുകയായിരുന്നു. കുഞ്ഞുമോള്‍ക്ക് വയസ്സ് ഒന്നര കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ എങ്കിലും സാമാന്യം വര്‍ത്തമാനം പറയാനും ഡാന്‍സ് എന്ന പേരില്‍ എന്തെങ്കിലും കാണിക്കാനും മോള്‍ പഠിച്ചിരുന്നു. അച്ഛനും അമ്മയും ജോലിക്കുപോകുമ്പോള്‍ ഞങ്ങള്‍ക്ക് സമയം പോക്കാന്‍ കുഞ്ഞുമോള്‍ ധാരാളം മതിയായിരുന്നു. അവധി ദിവസങ്ങളില്‍ അടുത്തുള്ള പാര്‍ക്കിലും മറ്റും ഞങ്ങള്‍ മോളെയും കൂട്ടി പോയിരുന്നു. എന്നാല്‍ ദൂരയാത്ര ഒന്നും തരമായില്ല. കുഞ്ഞുമോള്‍ക്ക് കാറിലെ യാത്ര തീരെ ഇഷ്ടമല്ലാത്തത്‌ കൊണ്ടു ഞങ്ങള്‍ നഗരത്തില്‍ നിന്നു അധികം ദൂരെയല്ലാത്ത പിക്നിക് സ്പോട്ടുകള്‍ വാരാന്ത്യത്തില്‍ തിരഞ്ഞു പിടിച്ചു.
ഞങ്ങളുടെ കൊച്ചുകൂട്ടുകാരിയുമായി കളിച്ച് സമയം ചിലവാക്കി കഴിച്ചു കൊണ്ടിരുന്നപ്പോഴാണ് ഒരു ദിവസം മകള്‍ പറഞ്ഞത് ഒരു വാരാന്ത്യത്തില്‍ കുട്ടികള്‍ താമസിക്കുന്ന ഇടത്തില്‍ നിന്നു 50 കി,മീ ദൂരത്തില്‍ ഒരു ചിത്രശലഭങ്ങളുടെ പാര്‍ക്ക് ഉണ്ടെന്നു പറഞ്ഞത്. അമേരിക്കയില്‍ താമസിക്കുന്നവര്‍ വാരാന്ത്യത്തില്‍ വീട്ടില്‍ കഴിയില്ല എന്ന് പറഞ്ഞുകേട്ടത് മകളെ സംബന്ധിച്ചിടത്തോളവും ശരിയായിരുന്നു. പിന്നെ അച്ഛനും അമ്മയും ആഴ്ച മുഴുവന്‍ വീട്ടില്‍ ഇരുന്നു ബൊറടിക്കുകയും ആണല്ലോ എന്ന വിഷമവും . അങ്ങനെ ഞങ്ങള്‍ ബോസ്റ്റണില്‍ എത്തിയ ആദ്യത്തെ വാരാന്ത്യത്തില്‍ ചിത്രശലഭങ്ങളുടെ പാര്‍ക്കിലേക്ക് പുറപ്പെട്ടു. കൊച്ചു മകള്‍ക്കും ശലഭങ്ങളെ വളരെ സ്വാഭാവികമായും ഇഷ്ടമായിരുന്നു. മസാച്യുസെറ്റ്സ് സംസ്ഥാനത്തിലെ വെസ്റ്റ്ഫോറ്ഡ് എന്ന സ്ഥലത്തായിരുന്നു ഈ പാര്‍ക്ക് , ചിതരശലഭങ്ങള്‍ക്കു വേണ്ടി മാത്രം ഉള്ള ഒരു പാര്‍ക്ക്. ന്യൂ ഇങ്ലണ്ടില്‍ ഉള്ള ശലഭങ്ങള്‍ കൂടാതെ ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നു കൊണ്ടു വന്ന ശലഭങ്ങള്‍ ഇവിടെ ഉണ്ടെന്ന് അവര്‍ അവകാശപ്പെടുന്നു. പാര്‍ക്കിനകത്തു തന്നെ ഉള്ള ചെറിയ നടവഴിയില്‍ കൂടി നടക്കുമ്പോള്‍ ശലഭങ്ങള്‍ പൂക്കളില്‍ നിന്നു തേന്‍ കുടിക്കുന്നതും ഒറ്റക്കും കൂട്ടായും സ്വതന്ത്രമായി പറക്കുന്നതുമൊക്കെ നേരിട്ടു കാണാം. വേനല്‍ കാലം ആയതു കൊണ്ട് നല്ല സൂര്യപ്രകാശത്തില്‍ അവയെ കാണാനും ഫോട്ടൊ എടുക്കാനും എല്ലാം സൌകര്യം ഉണ്ട്. ശലഭങ്ങളൊടൊപ്പം താമസിക്കുന്ന ചില ചെറിയ പക്ഷികളെയും കാണാം പാര്‍ക്കില്‍ തന്നെ. അവരുടെ വെബസൈറ്റില്‍ പോയാല്‍ പാര്‍ക്കിലെ ചില ജീവനക്കാര്‍ എടുത്ത ഫോട്ടോകളും കാണാം . (https://butterflyplace-ma.com/gallery/). സംശയങ്ങളും മറ്റും തീര്‍ക്കാന്‍ ഒരു ചോദ്യോത്തര അവസരവുമുണ്ട്.പാര്‍ക്കിലെ ഒരു ഉദ്യോഗസ്ഥന്‍ നമ്മുടെ ചോദ്യങ്ങള്‍ക്ക് നല്ല രീതിയില്‍ ക്ഷമയൊടെ ഉത്തരങ്ങള്‍ തരുന്നു. ശലഭങ്ങളുടെ മുട്ടയും പുഴു ആയും പ്യൂപ്പാ ദിശയില്‍ ഉള്ളവയും എല്ലാം ഇവിടെ കാണാം .
നല്ല ഒരു വിഡിയോയും അവിടെ കൊടുത്തിട്ടുണ്ട്. പകര്‍പ്പവകാശ നിബന്ധന ഉള്ളതു കൊണ്ട് അതിവിടെ പകര്‍ത്തി ഇടുന്നില്ല എന്നു മാത്രം . താല്‍പര്യം ഉള്ളവര്‍ക്ക് മേല്‍ കൊടുത്ത ലിങ്കില്‍ ക്ലിക്കുചെയ്താല്‍ അവ കാണാം (https://butterflyplace-ma.com/video/). ഈ വിഡിയൊ 15 മിനിട്ട് ദൈര്‍ഘ്യമുള്ളതാണ്. ഇതില്‍ ശലഭങ്ങളുടെ ജീവിത ചക്രവും മറ്റും നന്നായി വിവരിക്കുന്നുണ്ട്. താല്‍പര്യം ഉള്ളവര്‍ക്ക് ചിത്രശലഭങ്ങളെ വീട്ടില്‍ വളര്‍ത്താന്‍ ചെറിയ കൂടും അവയെ സുരക്ഷിതമായി വളര്‍ത്താന്‍ ഉള്ള നിര്‍ദ്ദേശങ്ങളും ലഭ്യമാണ്. സാധാരണ ഇങ്ങനെയുള്ള പിക്നിക് സ്ഥലങ്ങളില്‍ വാരാന്ത്യത്തില്‍ അസാധാരണ തിരക്കുള്ളതു കൊണ്ട് പാര്‍ക്കിങ് വിഷമം ആകുക സ്വാഭാവികം ആണല്ലൊ. എന്നാല്‍ ഇവിടെ നല്ലരീതിയില്‍ പാര്‍ക്കിങ്ങ് സൌകര്യം ഉണ്ടായിരുന്നു. ഭിന്ന ശേഷിക്കാര്‍ക്ക് പ്രത്യേകം മറ്റുള്ളയിടത്ത് ഉണ്ടായിരുന്നു. അവര്‍ക്ക് പാര്‍ക്കില്‍ ചുറ്റിക്കാണാന്‍ ചെറിയ വണ്ടികളും (strollers) ലഭ്യമായിരുന്നു. നമ്മുടെ വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോലും ഭിന്ന ശേഷിക്കാര്‍ക്ക് ആവശ്യമായ ചെരിവും (Ramp)ടൊയ്ലെറ്റ് സൌകര്യങ്ങളും ഉണ്ടാക്കണമെന്ന് നിയമം ഉണ്ടെങ്കിലും പലയിടങ്ങളിലും ഇപ്പോഴും ഇതപര്യാപ്തമാണല്ലൊ. ഏതായാലും നല്ലൊരു ദിവസം ഞങ്ങള്‍ മക്കളും കൊച്ചുമകളും ആയി പുറത്തു കഴിയാന്‍ കഴിഞ്ഞു. അവിടെ വെച്ചെടുത്ത ചില ചിത്രങ്ങളും ഇതോടൊപ്പം കൊടുക്കുന്നു.

No comments:

Post a Comment

20.ജോണ്‍ എഫ് കെന്നഡി സ്മാരകവായനശാലയും മ്യൂസിയവും

ബോസ്റ്റണ്‍ നഗരത്തിലെ ചാള്‍സ് നദിയുടെ തീരത്താണ് അമേരിക്കയുടെ 35ആമത്തെ പ്രസിഡണ്ടായിരുന്ന ജോണ്‍ ഫിറ്റ്ജെറാള്‍ഡ് കെന്നഡിയുടെ പ...