Saturday, 19 June 2021
2 കൊളംബോയില്‍ നിന്ന് ലണ്ടന്‍ വഴി ബോസ്റ്റനിലേക്ക്
രാവിലെ പുലര്‍ച്ചെ രണ്ടു മണിക്കായിരുന്നു ലണ്ടനിലേക്കുള്ള വിമാനം, അതുകൊണ്ട് പന്ത്രണ്ടു മണിക്ക് തന്നെ ഹോട്ടലില്‍ നിന്ന് പുറപ്പെട്ടു , ഇടക്കിറങ്ങിയ യാത്രക്കാര്‍ ആയതു കൊണ്ടു പാസ്പോര്‍ട്ടും ബോര്‍ഡിംഗ് പാസും മാത്രം ചെക്ക് ചെയ്തു അകത്തു കയറി, അമേരിക്കന്‍ യാത്രയുടെ രണ്ടാം ഘട്ടത്തിലേക്ക്. ലണ്ടനിലെ ഹീത്രോ വിമാനത്താവളം ആണ് അടുത്ത സ്റ്റോപ്പ്. 14 മണിക്കൂര്‍ വിമാനത്തില്‍ ഒരേ ഇരുപ്പു ഇരിക്കണം, അത്യാവശ്യത്തിനു കയ്യും കാലും തിരിക്കാം തിരിക്കണം എന്ന് എയര്‍ ഹോസ്റ്റസ്സുമാര്‍ പ്രത്യേകം നിര്‍ദ്ദേശിച്ചു. ഉറങ്ങാന്‍ ശ്രമിച്ചു നോക്കി. സീറ്റിനോടു അനുബന്ധിച്ചുള്ള ടി.വി.യില്‍ ചിലതൊക്കെ കാണാന്‍ നോക്കി, ഇടയ്ക്കിടക്ക് അവര്‍ കൊണ്ടു വരുന്ന പാനീയവും ലഘു ഭക്ഷണവും മറ്റും കഴിച്ചു സമയം പോക്കി. ലണ്ടന്‍ സമയം രാവിലെ 8 മണിക്ക് അവിടെ എത്തി. ഞങ്ങളുടെ ബോസ്റ്റണിലേക്കുള്ള വിമാനം ഉച്ചക്ക് മൂന്നു മണിക്കേ ഉള്ളൂ.
ഹീത്രോ വിമാനത്താവളത്തില്‍ ഇറങ്ങി , പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിച്ചു , അതിനു വേണ്ട ബ്രഷും പെയ്സ്റ്റും എല്ലാം വിമാനത്തില്‍ നിന്ന് തന്നെ തന്നിരുന്നു. അതിനു ശേഷം ഞങ്ങള്‍ വെറുതെ കാഴ്ചകള്‍ കണ്ടു നടന്നു. ഡ്യൂട്ടിഫ്രീ ഷോപ്പില്‍ ചുമ്മാതെ എല്ലാം കാണുന്നതിനു പണം ഒന്നും കൊടുക്കേണ്ടല്ലോ. ശ്രീമതിക്കാണെങ്കില്‍ വിന്‍ഡോ ഷോപ്പിങ്ങിനു വളരെ താല്‍പര്യവും. അങ്ങനെ കുറെ നടന്നു , കുറെ കടകളില്‍ കയറി ക്ഷീണിച്ചപ്പോള്‍ കുറച്ചു വിശ്രമിച്ചു, ഇടക്ക് വല്ലപ്പോഴും ഒരു കാപ്പിയോ സാന്‍ഡവിച്ചോ വാങ്ങി കഴിച്ചും ഒരു വിധം സമയം കൊന്നു.
ഇതിനടയില്‍ ഏതാണ്ടു 70 വയസ്സ് പ്രായമുള്ള ഒരു പഞ്ചാബി അമ്മയെ കണ്ടു മുട്ടി. അവര്‍ ക്യാനഡായില്‍ നിന്ന് ലൂധിയാനയിലേക്ക് പോകുകയാണ്. മകന്റെ വീട്ടില്‍ നിന്ന് മരുമകളുമായി വഴക്കിട്ടു പോന്നതായി തോന്നി, ഭാഷ പഞ്ചാബി മാത്രമേ അറിയൂ. ഞങ്ങള്‍ ഡല്‍ഹിയില്‍ ആയിരുന്നപ്പോള്‍ കേട്ട ഹിന്ദിയും പഞ്ചാബിയും ഉപയോഗിച്ച് കുറെയൊക്കെ കാര്യങ്ങള്‍ മനസ്സിലാക്കി, അവര്‍ക്ക് ഇന്ത്യയിലേക്കുള്ള വിമാനത്തില്‍ കയറാന്‍ എവിടെ പോകണമെന്നറിയില്ല. ലൂധിയാനയിലേക്ക് പോകുന്ന ഫ്ലൈറ്റിന്റെ ഗെയ്റ്റില്‍ എത്തിച്ചു കൊടുത്തു. ഞങ്ങളുടെ ഫ്ലൈറ്റിനു പിന്നെയും കുറെ സമയം ഉണ്ടായിരുന്നു അതു കൊണ്ടു ആ വയോവൃദ്ധയെ സഹായിക്കാന്‍ കഴിഞ്ഞു. അല്ലെങ്കിലും ഒറ്റ നോട്ടത്തില്‍ തന്നെ ഇന്ത്യക്കാരിയാണെന്ന് തിരിച്ചറിയുന്ന അവരെ വേറെ ആരെങ്കിലും സഹായിക്കുമെന്ന് തീര്‍ച്ചയായിരുന്നു.
അവസാനം ഞങ്ങള്‍ക്ക് കയറേണ്ട വിര്‍ജിന്‍ അറ്റ്ലാന്റിക് വിമാനം കയറേണ്ട ഗെയ്റ്റില്‍ എത്തി. ബോസ്റ്റണിലേക്കുള്ള വിമാനത്തില്‍ കയറി. ലണ്ടനില്‍ നിന്ന് 6 മണിക്കൂറില്‍ അധികം അത്ലാന്റിക് സമുദ്രത്തിന്റെ മുകളില്‍ കൂടി യാത്ര ഉണ്ടായിരുന്നു എങ്കിലും പടിഞ്ഞാറോട്ട് പോകുമ്പോഴുള്ള സമയലാഭം കൊണ്ടു 7 മണിക്ക് ബോസ്ടനില്‍ എത്തി. അപ്പോള്‍ മകളും കൊച്ചുമകളും ഭര്‍ത്താവും ലോഗന്‍ വിമാനത്താവളത്തില്‍ നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ ആദ്യം താമസിച്ചിരുന്ന വാടക വീട്ടില്‍ നിന്ന് നഗര പ്രാന്തത്തില്‍ ഹോപ്കിന്ടന്‍ എന്ന സ്ഥലത്ത് വാങ്ങിയ സ്വന്തം വീട്ടിലേക്കു 8 മണിയോടു കൂടി എത്തി. യാത്രാ ക്ഷീണം കൊണ്ടു കുളിച്ചു ഭക്ഷണം കഴിച്ചയുടനെ ഉറങ്ങാന്‍ തുടങ്ങി. അങ്ങനെ ഇന്ത്യയില്‍ നിന്നു പുറപ്പെട്ടപ്പോള്‍ തുടങ്ങി ഏതാണ്ടു 48 മണിക്കൂര്‍ നീണ്ട യാത്ര സമാപിച്ചു.
Subscribe to:
Post Comments (Atom)
20.ജോണ്‍ എഫ് കെന്നഡി സ്മാരകവായനശാലയും മ്യൂസിയവും
ബോസ്റ്റണ്‍ നഗരത്തിലെ ചാള്‍സ് നദിയുടെ തീരത്താണ് അമേരിക്കയുടെ 35ആമത്തെ പ്രസിഡണ്ടായിരുന്ന ജോണ്‍ ഫിറ്റ്ജെറാള്‍ഡ് കെന്നഡിയുടെ പ...
-
രണ്ടാം ലോകമഹായുദ്ധകാലത്ത് ഉണ്ടാക്കിയ കരയിലും വെള്ളത്തിലും സഞ്ചരിക്കാന്‍ കഴിയുന്ന ഒരു വാഹനം ടൂറിസ്റ്റ് ആകര്ഷണമാക്കിയതാണ് ബോസ്റ്റണ്‍...
-
മസാച്യുസെറ്റ്സിലെ ഹാര് വാര്‍ഡ് ഭാഗത്തെ ഒരു മ്യൂസിയം ആണ് ഫ്രൂട്ട് ലാന്‍ഡ്സ് എന്നറിയപ്പെടുന്നത്. ഇത് കുറച്ചുകാലം മാത്രം നിലനിന്ന ഒരു...
-
ഞങ്ങളുടെ അടുത്ത യാത്ര ബോസ്റ്റണ്‍ തുറമുഖം കാണാന്‍ വേണ്ടി ആയിരുന്നു. അതിനോടൊപ്പം ഒരു ഡക്ക് ടൂറും ജോണ്‍ എഫ് കെന്നഡി മെമ്മോറിയല്‍ ...




No comments:
Post a Comment