Wednesday, 16 June 2021

അമേരിക്കയിലേക്ക് ഒരിക്കല്‍ കൂടി 1. ശ്രീലങ്ക വഴി

എല്ലാവരുടെയും മദ്ധ്യവേനല്‍ അവധി തീരുമ്പോഴാണ് ഞങ്ങളുടെ അവധി. എന്നാലും അമേരിക്കയിലെയും ഇംഗളണ്ടിലെയും കാലാവസ്ഥ നമുക്ക് പിടിക്കാത്തതു കൊണ്ടു തണുപ്പ് കുറഞ്ഞ ഈ സമയത്തു മാത്രമേ നമുക്ക് പോകാന്‍ കഴിയു‌. അതുകൊണ്ടു പരീക്ഷാ പണികള്‍ തീര്‍ത്തു മേയ്‌ മാസം ഇരുപതിന് പുറപ്പെടാന് തീരുമാനിച്ചു. കഴിഞ്ഞ തവണ ശ്രീ ലങ്കന്‍ വിമാനത്തില്‍ ആയിരുന്നു യാത്ര. ചെലവ് കുറവ്. സാമാന്യം നല്ല സേവനം. മുമ്പ് കോഴിക്കോട്ടു നിന്ന് നേരിട്ട് കൊളംബോയ്ക് നേരിട്ട് വിമാനത്തില്‍ തന്നെ യാത്ര ചെയ്യാമായിരുന്നു. ഇപ്പോള്‍ കോഴിക്കോട്ടു നിന്നും കൊച്ചിയില്‍ നിന്നും ശ്രീലങ്കന്‍ വിമാനം ഇല്ല. അതുകൊണ്ടു തിരുവനന്തപുരത്ത് നിന്ന് ടിക്കറ്റെടുത്തു. ബ്രിട്ടീഷ്‌ വിമാന കമ്പനിയും എയര്‍ ഇന്ത്യയും ആയി താരതമ്യം ചെയ്യുമ്പോള്‍ യാത്രകൂലി കുറവായിരുന്നു. ഹര്‍ത്താല്‍ ഭയന്ന് തലേ ദിവസം തന്നെ തിരുവനന്തപുരത്ത് എത്തി. ശരിക്കും മംഗലാപുരം തിരുവനന്തപുരം തീവണ്ടിയില്‍ രാവിലെ അഞ്ചു മണിക്ക് എത്തി ഒന്പതെമുക്കാല്‍ മണിക് പുറപ്പെടാവുന്നതെ ഉള്ളു. ഏതെങ്കിലും ഈര്‍ക്കില്‍ പാര്‍ട്ടി ഹര്‍ത്താല്‍ ആഹ്വാനം ചെയ്‌താല്‍ നമ്മുടെ കാശുപോയത് തന്നെ. നമ്മുടെ നാട്ടില്‍ ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ. പൊതുജനങ്ങളെ കഴുതകളാക്കാന്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും മത്സരിക്കുന്നതു നിത്യസംഭവം അല്ലേ? തിരുവനന്തപുരം വിമാന താവളത്തിന് പറയത്തക്ക മാറ്റമൊന്നും കണ്ടില്ല. തലസ്ഥാന നഗരത്തിന്റെ പ്രൌഢിയോ ഒന്നും കണ്ടില്ല. താരതമ്യം ചെയ്യുമ്പോള്‍ കോഴിക്കോട് വിമാനത്താവളം എന്ത് ഭേദം. അടുത്ത കാലത്ത് നടത്തിയ പുനരുദ്ധാരണത്തിനു ശേഷം കോഴിക്കോട് ഇന്ത്യയിലെ ഏതൊരു ഇടത്തരം വിമാനത്താവളത്തിനോടും കിടപിടിക്കും, കാഴ്ചയില്‍. സാങ്കേതിക അസൌകര്യങ്ങള് ഉണ്ടാവാം എങ്കിലും. ശ്രീലങ്കന്‍ വിമാനം കൃത്യ സമയത്ത് തന്നെയാണ്. എല്ലാ വിമാന യാത്രക്കും മുമ്പുള്ള പതിവ് പരിഭ്രമം ഇവിടെയും ആവര്‍ത്തിച്ചു സാമ്പത്തിക മാന്ദ്യം പ്റമാണിച്ചു വിമാന കമ്പനിക്കാര്‍ സ്നേഹം കാണിക്കുകയില്ല. ലഗ്ഗേജു നിയമങ്ങള്‍ കര്‍ശനമായി പാലിച്ചാല്‍ വിമാന കമ്പനിയുടെ നഷ്ടം കുറയ്ക്കാമല്ലോ. പരിധിയില്‍ കവിഞ്ഞ ഒരു കിലോക്ക് 15-20 ഡോളര്‍ വരെ കൂലി കൊടുക്കേണ്ടി വരും. അതായത് എണ്‍പതു രൂപയുടെ ഒരു കിലോ കണ്ണി മാങ്ങാ അച്ചാറിനു കയറ്റുകൂലി 800 രൂപയിലധികം!! അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കയ്യില്‍ എടുക്കുന്നതു കൂടാതെ രണ്ടു പാക്കറ്റു കൊണ്ടുപോകാം. ഓരോന്നിനും 23 കിലോ ഭാരം ആവാം. കോഴിക്കോട്ടു നോക്കിയപ്പോള്‍ തന്നെ 23 കിലോ ഉണ്ടായിരുന്നു. തിരുവനന്തപുരത്തു നിന്നും വാങ്ങിക്കൂട്ടിയ പലഹാരങ്ങള്‍ കുടി ആയപ്പോള്‍ ഭാരം 25 കിലോ കഴിഞ്ഞു, പക്ഷെ രണ്ടു പേര്‍ക്കും കൂടി കൊണ്ടു പോകാവുന്ന നാല് പാക്കറ്റിനു പകരം ഒന്നേ ഉള്ളു. ഏതായാലും കൌണ്ടറില്‍ ഇരുന്ന ചെറുപ്പക്കാരന്‍ ശങ്കിച്ചു എങ്കിലും മേല്ആപീസരുടെ ദയവില്‍ സാധനം എടുത്തു. നേരിട്ട് ബോസ്ടനിലേക്ക് ബുക്ക് ചെയ്തു. അതും നന്നായി. കഴിഞ്ഞ തവണ ലണ്ടനില്‍ ടെര്‍മിനല്‍ മാറിയപ്പോള്‍ സാധനങ്ങള്‍ മാറ്റാന്‍ ശരിക്കും വിഷമിച്ചിരുന്നു.
കൃത്യ സമയത്ത് തന്നെ വിമാനം പുറപ്പെട്ടു. തമിഴ് വംശജരുടെ വിപ്ലവം അടിച്ചമര്‍ത്തിയതിന്റെ പിറ്റേ ദിവസം. ഉള്ളില്‍ ഒരു ചെറിയ ഭയം ഇല്ലാതില്ല. പുറത്ത് കാണിച്ചാല്‍ ശ്രീമതി കരയും . അതുകൊണ്ടു മിണ്ടാതിരുന്നു. കുഞ്ഞുങ്ങളെ കാണാനുള്ള ആഗ്രഹത്തില്‍ ഐസ് വീഴിക്കണ്ടല്ലോ. രാവിലെ അഞ്ചുമണിക്ക് പുറപ്പെട്ടതാണ്. ഭക്ഷണം ഒന്നും കഴിച്ചിട്ടില്ല , കാപ്പി അല്ലാതെ . വിമാനത്തില്‍ വല്ലതും കിട്ടും എന്ന് പ്രതീക്ഷിച്ചു. ചെലവ് ചുരുക്കലാവാം, സമയത്തിന്റെ ആവാം, ഒര്രു പാക്കറ്റ് നിലക്കടലയിലും തണുത്ത വെള്ളത്തിലും ലഘുഭക്ഷണം കഴിഞ്ഞു. വിശപ്പുണര്‍ത്താന്‍ മാത്രം മതി ആയി. നാല്പതു മിനിട്ടു കൊണ്ടു വിമാനം കൊളംമ്പോ വിമാനത്താവളത്തില്‍ ഇറങ്ങി. വിമാനം ഇറങ്ങുമ്പോള്‍ തന്നെ ഭു‌പ്രകൃതി കണ്ടു ശ്രീമതി ഇത് കൊച്ചിയിലേക്ക് ഇറങ്ങുന്നതുപോലെ ഉണ്ടല്ലോ എന്ന് പറയുന്നുണ്ടായിരുന്നു. കേരളത്തിന്റെ അതെ ഭു‌പ്രകൃതി. വാഴയും തെങ്ങും എല്ലാം സുലഭം. നാട്ടിലെ പോലെ വേനല്‍ മഴയില്‍ ഉണ്ടായ ചെറിയ വെള്ളക്കെട്ടുകളും കാണാനുണ്ടു. ഞങ്ങള്‍ക്ക് ലണ്ടനിലേക്കുള്ള വിമാനം രാത്രി രണ്ടു മണിക്കേ ഉള്ളു. അതുകൊണ്ടു താമസം വിമാനക്കമ്പനിക്കാര്‍ തന്നെ തയ്യാറാക്കിയിരുന്നു. വിമാനത്താവളത്തില്‍ കുറെയേറെ ആള്‍കാര്‍ ഭീകരവാദികളെ പോലെ മുഖം മു‌ടി വച്ചിരിക്കുന്നു. തമിഴ്‌ പുലികള്‍ വിമാനത്താവളം പിടിച്ചോ എന്ന് ഭയന്ന് നോക്കുമ്പോള്‍ പന്നിപ്പനിയുടെ നോട്ടിസും മറ്റും കണ്ടതു. ആരോഗ്യ പരിശോധനക്ക് വേണ്ട സംവിധാനം ഉണ്ടെന്നു എഴുതി വച്ചിട്ടുണ്ട്. പക്ഷെ ആരും അതിനു പോകുന്നത് കണ്ടില്ല. നമ്മുടെ നാട്ടുകാരെ ഏതു പന്നിപ്പനി പിടിക്കാനാ?. ചികുന്‍ ഗുനിയയയും മറ്റും സര്‍വ സാധാരണമായ നമ്മുടെ നാട്ടില്‍ ഈ പുതിയ വൈറസിനു വരാന്‍ തന്നെ ഭയമായിരിക്കും! താമസത്തിനുള്ള ഹോട്ടല്‍ കുറച്ചു കുറെ ദൂരെ ആണ്, നിഗംപോ എന്ന സ്ഥലത്ത് . ഞങ്ങള്‍ രണ്ടു പേരും വാഷിങ്ങ്ടന്‍ ഡി.സി.യിലേക്കുള്ള ഒരു തമിഴ്‌ കുടുംബവുമൊത്തു വാനില്‍ കയറി ഹോട്ടലിലേക്ക് പുറപ്പെട്ടു. പോകുന്ന വഴിയിലെ റോഡുകളും രണ്ടു വശത്തെ വീടുകളും നമ്മുടെ നാട്ടിലെ പോലെ തന്നെ. കുറച്ചു കൂടി വൃത്തിയുണ്ടെന്നു തോന്നി. കാലാവസ്ഥയിലും സാംസ്കാരികമായും വലിയ വ്യത്യാസമില്ലാത്തതു കൊണ്ടു ഇത് സ്വാഭാവികമാണ്.
ഹോട്ടല്‍ പഴയതെങ്കിലും വൃത്തി ഉള്ളത്. കടല്‍ തീരത്ത് തന്നെ ആണ്. നല്ല വൃത്തി ആയി ഒരു ബീച്ച് നിലനിര്‍ത്തിയിരിക്കുന്നു. നല്ല തെങ്ങിന്‍ തോപ്പും വള്ളികുടിലുകളും സഞ്ചാരികള്‍ക് വിശ്രമിക്കാന്‍ ബെഞ്ചുകളും ഇട്ടിട്ടുണ്ട്. മുറിയില്‍ താനെ ഇരുന്നാല്‍ കടലിന്റെ ഇരമ്പം കേള്‍ക്കാം, ശക്തിയായ കാറ്റും. അല്പം വിശ്രമിച്ചിട്ടാകാം കടല്‍ കാണാന്‍ എന്ന് തീരുമാനിച്ചു. ഉച്ച ഭക്ഷണം കഴിച്ചു അല്പം വിശ്രമിക്കാന്‍ കിടന്നു. ക്ഷീണം കൊണ്ടാവാം ശ്രീമതി ഉറക്കം തുടങ്ങി. എന്നാല്‍ എനിക്ക് കഴിഞ്ഞ ദിവസം ടി.വി. യില്‍ വീണ്ടും വീണ്ടും കാണിച്ച വേലുപ്പിള്ള പ്രഭാകരന്റെ ഭീകര രൂപം തന്നെ കാണുന്നു. വാളെടുത്തവന്‍ വാളാല്‍ തന്നെ എന്ന് സമാധാനിക്കാം. എന്നാലും.
തമിഴ്‌ വംശജരോടുള്ള അനീതിക്കെതിരെ പോരാടി തുടങ്ങി ഒരു തികഞ്ഞ ഭീകര പ്രസ്ഥാനമായി മാറിയ എല്‍.ടി.ടി.ഇ. ലോകമെമ്പാടുമുള്ള തമിഴ്‌ വംശജരുടെ ഭാഷാസ്നേഹം പണമായും സാധനങ്ങള്‍ ആയും പിന്നീട് ആയുധങ്ങളായും സമ്പാദിച്ചു പോരാഞ്ഞു അവിടെ തന്നെയുള്ള പാവം തമിഴരുടെ കയ്യില്‍ നിന്ന് തന്നെ അമിതമായി നികുതിയും മറ്റും പിരിച്ചു ഒരു സ്വന്തന്ത്ര തമിഴ്‌ രാജ്യത്തിനു വേണ്ടി പോരാടിയ മുപ്പതു വര്‍ഷം! എത്ര ജീവനുകള്‍ ഇല്ലാതായി. രണ്ടു പ്രധാന മന്ത്രിമാര്‍ നിഷ്കരുണം വധിക്കപ്പെട്ടു.. ലക്ഷക്കണക്കിനു സാധാരണ മനുഷ്യരുടെ ജീവനൊടുങ്ങി. അടുത്തു നടന്ന യുദ്ധത്തില്‍ തന്നെ രണ്ടു ലക്ഷം ആള്‍ക്കാര്‍ മരിച്ചിട്ടുണ്ടാവുമെന്നു യു.എന്‍.പറയുന്നു. ആര്‍ക്കറിയാം. വിദേശപത്ര പ്രവര്‍ത്തകരെ പോലും അവിടെ കയറ്റാതെ എങ്ങിനെ അറിയാന്‍ കഴിയും? സ്വന്തമായ പട്ടാളവും നാവിക സേനയും എന്തിനു ചെറിയ ഒരു വിമാന സേനയും വരെ ഉണ്ടാക്കി. സ്ത്രീകളെ ബെല്‍ട്ട്‌ ബോംബ് വച്ചു വിദഗ്ദ്ധമായി ചാവേറുകള്‍ ആക്കുന്ന പുതിയ സമരമുറകള്‍. സ്വന്തമായ ടിവി , റേഡിയോ പ്രക്ഷേപണ സംവിധാനങ്ങള്‍ . എല്ലാം വീണിതല്ലോ കിടക്കുന്നു ധരണിയില്. അമിതമായി പണവും സൌകര്യവും വന്നു ചേര്‍ന്നപ്പോള്‍ എല്‍.ടി.ടി.ഈ. ആദര്‍ശത്തിന്റെ പാതയില്‍ നിന്ന് വ്യതിചലിച്ചു എന്ന് വ്യക്തം. പരാജയം മുന്നില്‍ തുറിച്ചു നോക്കുമ്പോള്‍ ആയിരക്കണക്കിന് തമിഴരെ മനുഷ്യ കവചമാക്കി അവരെ പട്ടാളത്തിന്റെ തോക്കിന് ഇരയാക്കി. അതോടൊപ്പം തന്നെ തന്റെ കുടുംബത്തെ സുരക്ഷിതമായി പുറത്തേക്ക് കടത്താനും പ്രഭാകരന്‍ മറന്നില്ലത്രേ. അടുത്തകാലത്ത് ശ്രീലങ്ക ഭരിച്ച മറ്റൊരു ഭരണാധികാരികളും കാണിക്കാത്ത ധൈര്യവും നിഷ്ടുരതയും കാണിച്ചു എല്‍.ടി.ടി.യെ അമര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചു തന്നെ ആയിരുന്നു രാജപക്സേയുടെ പട്ടാളം. യുദ്ധം എന്തിനു വേണ്ടി ആയിരുന്നാലും അതിന്റെ ദുരന്തഫലം അനുഭവിക്കുന്നത് സാധാരണ മനുഷ്യര്‍ തന്നെ. ഇനിയും പാവം തമിഴര്‍ക്കു ന്യായമായ ജനാധിപത്യം അനുവദിക്കുന്ന ഭരണം കിട്ടുമോ, കണ്ടറിയണം.
ശ്രീമതി ഉറക്കം കഴിഞ്ഞു. ചായ കുടിച്ച് പുറത്തേക്കിറങ്ങി കുറച്ചു സമയം ബീച്ചിലേക്ക് നീങ്ങി. സുനാമി കൊണ്ടു കാര്യമായ നാശനഷ്ടമുണ്ടായ സ്ഥലം ഏതാനും കിലോമീറ്റര്‍ അകലത്തി ലാണെന്ന് ആരോ പറഞ്ഞു. 800 രൂപാ കൊടുത്താല്‍ രണ്ടു മണിക്കൂര്‍ നഗരം കാട്ടിവരാമെന്നു ഒരു ടാക്സിക്കാരന്‍ പറഞ്ഞു. നമ്മുടെ ഒരു രൂപാ ശ്രീലങ്കന്‍ രണ്ടു രൂപാ ആക്കി തരാമെന്നും. തല്‍കാലം കൊളംബോയിലേക്ക് പോകുന്നത് ശരിയല്ല എന്ന് ശ്രീലങ്കയില്‍ ജനിച്ച വാഷിങ്ങ്ടന്‍ യാത്രക്കാരി അറിയിച്ചു. അവിടെ എല്‍.ടി.ടി.യെ തോല്പിച്ചതിന്റെ വിജയാഘോഷം ആണത്രേ. ട്രാഫിക്‌ തടസ്സം പ്രതീക്ഷിക്കാം. ആക്കാരണത്താല്‍ .

No comments:

Post a Comment

20.ജോണ്‍ എഫ് കെന്നഡി സ്മാരകവായനശാലയും മ്യൂസിയവും

ബോസ്റ്റണ്‍ നഗരത്തിലെ ചാള്‍സ് നദിയുടെ തീരത്താണ് അമേരിക്കയുടെ 35ആമത്തെ പ്രസിഡണ്ടായിരുന്ന ജോണ്‍ ഫിറ്റ്ജെറാള്‍ഡ് കെന്നഡിയുടെ പ...